കര്‍ക്കിടക മാസം ഔഷധക്കഞ്ഞിയുടെ കാലം കൂടിയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞിയുടെ പ്രധാന ചേരുവയാണ് ഞവരയരി. ഭൗമ സൂചിക പട്ടികയില്‍ ഇടം നേടിയ കേരളത്തില്‍ നിന്നുള്ള ഔഷധഗുണമുള്ള നെല്ലിനമാണ് ഞവര. പാലക്കാട് ജില്ലയിലാണ് ഇത് കൂടുതലായി കൃഷി ചെയ്തുവരുന്നത്.
ആയുര്‍വേദ ചികിത്സയില്‍ ഞവര നെല്ലിന് വലിയ സ്ഥാനമാണ്. കറുത്തഞവരയും വെളുത്ത ഞവരയും ഉണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തില്‍ വെളുത്ത ഞവരക്ക് ഔഷധഗുണം കൂടുതലുള്ളതായി പറയപ്പെടുന്നു. ചെറിയ കുട്ടികള്‍ക്ക് തൂക്കം കൂട്ടുന്നതിനും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ഞവര അരി നല്ലതാണത്രെ. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിനും ഉത്തമം. ആന്തരികമായ മുറിവുകളുടെ ചികിത്സയ്ക്കും ഞവരയരി ഉപയോഗിക്കുന്നുണ്ട്. സോറിയാസിസ് ചികിത്സയില്‍ ഞവര പേസ്റ്റ് ലേപനമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന ആഹാരമാണ് ഞവരകഞ്ഞി. പലതരം രോഗങ്ങളെ ചെറുക്കുന്നതിനും ഉത്തമം. നാഡീസംബന്ധമായ ചികിത്സയ്ക്കാണ് ഞവരക്കിഴി തയ്യാറാക്കുന്നത്. കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഞവരക്കിഴി.
60 മുതല്‍ 90 ദിവസങ്ങള്‍ക്കിടയില്‍ വിളവെടുക്കാന്‍ കഴിയുന്ന ഇനമാണ് ഞവര. സുഗന്ധമുള്ള സ്വര്‍ണ്ണം എന്നാണ് കര്‍ഷകര്‍ ഞവരയെ വിളിക്കുന്നത്.
Discussion about this post