കേരളത്തിൽ സമൃദ്ധമായി വളരുന്ന സസ്യമാണ് നിത്യകല്യാണി. ഉഷമലരി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എല്ലാ ഋതുക്കളിലും പുഷ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ സസ്യത്തെ നിത്യകല്ല്യാണി എന്ന് അറിയപ്പെടുന്നത്. കാശിത്തെറ്റി, ശവക്കോട്ടപ്പച്ച, ശവംനാറി എന്നിങ്ങനെയുള്ള പേരുകളുമുണ്ട്. പ്രധാനമായും വെള്ള, പിങ്ക് എന്നീ നിറങ്ങളിലാണ് നിത്യകല്യാണി കാണപ്പെടുന്നത്.
കേരളത്തിൽ സർവ്വസാധാരണമായി വളരുന്നുണ്ടെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ല. രക്തസമ്മർദ്ദത്തിനും പ്രമേഹ രോഗശമനത്തിനും ഈ സസ്യം ഉപയോഗിക്കുന്നു. വേരിന്റെ തൊലിയും ഇലകളുമാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടതിനെ തുടർന്നുള്ള പരീക്ഷണങ്ങളിലൂടെയാണ് ഇലകളിൽ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിൻക്രിസ്റ്റിൻ, വിൻബ്ലാസ്റ്റിൻ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. ഇന്ന് വ്യാവസായിക അടിസ്ഥാനത്തിൽ നിത്യകല്യാണി കൃഷി ചെയ്ത് മരുന്ന് ഉൽപാദിപ്പിച്ചു വരുന്നു.
Discussion about this post