കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണ്. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കാരണങ്ങള്‍ പലതാകാം. താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങി ജീവിതാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളാണ് കുട്ടികളെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. കോവിഡ് കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം കൂട്ടാന്‍ ഇടയാക്കുന്നു.
ഇത്ര ചെറുപ്രായത്തില്‍ തന്നെ ആത്മഹത്യയെ കുറിച്ച് കുട്ടികളെ ചിന്തിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കും. കരുതലായും കരുത്തായും അവര്‍ക്കൊപ്പം രക്ഷിതാക്കള്‍ എപ്പോഴും ഉണ്ടായിരിക്കണം. കൗണ്‍സിലിംഗ് മാത്രമല്ല, അവരുടെ ഇളംമനസുകള്‍ക്ക് സാന്ത്വനവും സന്തോഷവുമാകാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കണം. പൂന്തോട്ടം ഒരുക്കല്‍, പച്ചക്കറികൃഷി, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കല്‍, വിവിധ തരത്തിലുള്ള ക്രാഫ്റ്റ് വര്‍ക്കുകള്‍ തുടങ്ങി കുട്ടികളെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പഠിപ്പിക്കുക. അതവരുടെ മനസില്‍ നല്‍കുന്ന ഊര്‍ജം വലുതായിരിക്കും.
വീടായാലും ഫ്‌ളാറ്റായാലും സ്ഥലമുണ്ടെങ്കിലും സ്ഥലപരിമിതിയുണ്ടെങ്കിലും പച്ചക്കറി കൃഷിയും ചെടികള്‍ നട്ടുപിടിപ്പിക്കലുമൊക്കെ എവിടെയും സാധിക്കുമെന്ന് എത്രയോ പേര്‍ അനുഭവങ്ങളിലൂടെ കാണിച്ചുതന്നിരിക്കുന്നു. പച്ചക്കറികൃഷിയും പൂന്തോട്ടവുമെല്ലാം പരിപാലിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുക. ആദ്യം ഒരു പക്ഷെ മടി കാണിച്ചാലും പിന്നീടവര്‍ അതിലേക്ക് കൂടുതല്‍ അടുക്കാനും മറ്റെല്ലാം മറന്ന് തന്റെ പ്രവൃത്തിയെ സ്‌നേഹിക്കാനും പഠിക്കും. അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആശങ്കകളും ആകുലതകളും മറക്കാന്‍ അവരെ കൃഷി സഹായിക്കും.
മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക് തുടങ്ങി ടെക്‌നോളജിയുടെ ലോകത്ത് നിന്ന് കുട്ടികള്‍ ഇറങ്ങിവന്ന് പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞുവളരണം. പ്രകൃതിസംരക്ഷണം അവരുടെ കൂടി ഉത്തരവാദിത്തമാണ് എന്ന് ബോധ്യപ്പെടുത്തണം.
Discussion about this post