തെങ്ങിന്‍ തൈകളിലെ പ്രധാനപ്പെട്ട ഇനം ആണല്ലോ സങ്കരയിനം തെങ്ങിന്‍ തൈകള്‍. അവ ഉത്പാദിപ്പിക്കുന്നതും കൃത്രിമമായ പരാഗണത്തിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ആണ്. അവയ്ക്ക് താരതമേന്യ വിലയും കൂടുതല്‍ ആണ്. എന്നാല്‍ സ്വാഭാവിക പരാഗണത്തിലൂടെ ഉണ്ടായ തെങ്ങിന്‍ തൈകള്‍ എന്ന പേരില്‍ പല സ്വകാര്യ നേഴ്സറിക്കാരും ഇപ്പോള്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ വില്‍ക്കുന്നുണ്ട്. അങ്ങനെയുള്ള തെങ്ങിന്‍ തൈകളെയാണ് NCD (Naturally Crossed Dwarfs) തെങ്ങിന്‍ തൈകള്‍ എന്ന് വിളിക്കുന്നത്. അല്ലെങ്കില്‍ open pollination തെങ്ങിന്‍ തൈകള്‍ എന്ന് വിളിക്കുന്നത്. ഇനി അവയുടെ ഗുണനിലവാരവും വിശ്വാസതയും എത്രമാത്രം ഉണ്ട് എന്നത് അനുഭവത്തില്‍ നിന്നും മാത്രമേ പറയുവാന്‍ കഴിയു.
NCD തെങ്ങിന്‍ തൈകള്‍ എന്ന പേരില്‍ വില്‍ക്കുന്ന സങ്കരയിനം തെങ്ങിന്‍ തൈകള്‍ക്ക് സാധാരണ സങ്കരയിനം തെങ്ങിന്‍ തൈകളുടെ തന്നെ വിലയും നേഴ്സറിക്കാര്‍ ഈടാക്കാറുണ്ട്. DxT ഇനത്തില്‍ പെട്ട സങ്കരയിനം തെങ്ങിന്‍ തൈകളാണ് ഈ രീതിയില്‍ കാണുവാനും സാധ്യത. കാരണം ഉയരം കുറഞ്ഞ തെങ്ങിന്റെ മച്ചിങ്ങയായ പെണ്‍പൂവില്‍ ഉയരം കൂടിയ തെങ്ങിന്റെ ആണ്‍പൂവില്‍ നിന്നും പൂമ്പൊടി എത്തി പരാഗണം നടക്കാന്‍ സാധ്യത ഉള്ളതായി കണക്കാക്കുന്നു. അപ്പോള്‍ അത് സ്വാഭാവികമായും DxT ഇനത്തില്‍ പെട്ടത് ആകുകയും ചെയ്യും. എന്നാല്‍ നേരെ തിരിച്ച് TxD ഇനം ഉല്പാദിപ്പിക്കുവാന്‍ സാഹചര്യം കുറവും ആണ്. കാരണം ഉയരമുള്ള തെങ്ങിന്റെ മച്ചിങ്ങയില്‍ ഉയരം കുറഞ്ഞ തെങ്ങിന്റെ ആണ്‍പൂക്കളിലെ പൂമ്പൊടി എത്തുവാന്‍ സാഹചര്യം കുറവും ആയിരിക്കും. DxT തെങ്ങിന്‍ തൈകള്‍ എന്ന പേരില്‍ ആണ് നേഴ്സറിക്കാര്‍ ഇതുപോലുള്ള തെങ്ങിന്‍ തൈകള്‍ വില്‍പ്പന നടത്തുന്നതും.
എന്നാല്‍ ഇതുപോലെ സ്വാഭാവിക പരാഗണം നടന്ന സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിശ്വസിച്ച് കൃഷി ചെയ്യാമോ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം ഇവിടെ പരാഗണം നടന്നിരിക്കുന്നത് ഏതെല്ലാം തെങ്ങുകളുടെ പൂമ്പൊടിയില്‍ നിന്നാണ് എന്ന് നിശ്ചയമില്ല. WCT തെങ്ങുകളുടെ ഇടയില്‍ ചാവക്കാട് ഓറഞ്ച് കുള്ളന്‍ തെങ്ങുകള്‍ (COD ) കൃഷി ചെയ്താണ് കൂടുതലും ഇതുപോലുള്ള തെങ്ങിന്‍ തൈകള്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ മാത്രമാണ് അവിടെ പരാഗണം നടന്നിരിക്കുന്നത് എങ്കില്‍ അത് ചന്ദ്രസങ്കര എന്ന മികച്ചയിനം സങ്കരയിനം തെങ്ങ് ആകേണ്ടതാണ്. എന്നാല്‍ ഈ രീതിയില്‍ നേഴ്സറികളില്‍ വില്‍പ്പന നടത്തുന്ന തൈകള്‍ക്ക് ചന്ദ്രസങ്കര എന്ന സങ്കരയിനം തെങ്ങിന്റെ വളര്‍ച്ചയും ,വിളവും കിട്ടുന്നുണ്ടോ.
ചന്ദ്രസങ്കര (D x T ): ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടന്‍ പിതൃവൃക്ഷമായുമുള്ള സങ്കരയിനം. 3-4 വര്‍ഷത്തിനുള്ളില്‍ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും. ഒരു തെങ്ങില്‍നിന്നു പ്രതിവര്‍ഷം 30 കിലോ കൊപ്ര ലഭിക്കുന്നു. 1985ലാണ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ഇതു പുറത്തിറക്കിയത്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post