ഇന്ന് മാമ്പഴ ദിനം. എല്ലാ വര്‍ഷവും ജൂലൈ 22 ആണ് ദേശീയമാമ്പഴ ദിനമായി ആചരിച്ചുവരുന്നത്. പഴങ്ങളിലെ രാജാവ് എന്നൊരു വിശേഷണം മാങ്ങയ്ക്കുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലാണ് മാമ്പഴം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അതില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യ,പാകിസ്താന്‍, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളുടെ ദേശീയ ഫലമാണ് മാമ്പഴം. ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷമാണ് മാവ്. ഉഷ്ണമേഖലാ കാലാവസ്ഥയാണ് മാമ്പഴ കൃഷിക്ക് അനുയോജ്യം.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാങ്ങകള്‍ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ബിസി അഞ്ചാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയ്ക്കാണ് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് മാങ്ങകള്‍ എത്തുന്നത്. എഡി പത്താം നൂറ്റാണ്ടില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ മാമ്പഴ കൃഷി ആരംഭിച്ചു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ മാമ്പഴങ്ങളാണ് ലഭിക്കുന്നത്. ഏറെ പോഷക സമ്പുഷ്ടമാണ് മാമ്പഴം.മാവുകള്‍ക്ക് തറനിരപ്പില്‍ നിന്ന് 100 അടി വരെ ഉയരമുണ്ടാകും.
ഗാര്‍ഹികമായി നിരവധി ഉപയോഗങ്ങള്‍ മാങ്ങയ്ക്ക് ഉണ്ട്. പഴുത്ത മാങ്ങ വളരെ സ്വാദുള്ള ഒരു ഭക്ഷണമാണെന്നതിനു പുറമെ കറികള്‍ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു. അച്ചാര്‍ ഉണ്ടാക്കാന്‍ പച്ചമാങ്ങയും കണ്ണിമാങ്ങയും ഉപയോഗിക്കുന്നുണ്ട്. വ്യാവസായികമായി മാങ്ങയില്‍ നിന്നും അച്ചാര്‍, സ്‌ക്വാഷ്, ജാം എന്നിവ നിര്‍മ്മിക്കുന്നുണ്ട്. കാനിങ്ങ്, മാമ്പഴ പള്‍പ്, പഴച്ചാറ്, മിഠായികള്‍, കസ്റ്റാര്‍ഡ് പൗഡര്‍ എന്നിവയും നിര്‍മ്മിച്ചു വരുന്നു.
മാമ്പഴത്തിനായി ഒരു ദിനം കൂടി കടന്നുപോകുമ്പോള്‍ മാവുകള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് ഓര്‍മ്മപ്പെടുത്തുന്നത്. നാടന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നതും ബഡ്ഡും ഗ്രാഫ്റ്റും ചെയ്ത മാവുകളിലേക്ക് മാറുന്നതുമാണ് പുതിയ രീതികള്‍. എന്നാല്‍ ഇത്തരം മാവുകളില്‍ മാങ്ങകളുടെ എണ്ണം കുറവായിരിക്കുമെന്ന് മാത്രമല്ല മാവിന്റെ ആയുസ്സും മാങ്ങയിലെ പോഷകവും കുറവായിരിക്കും. അതുകൊണ്ട് തന്നെ കൂടുതലും സംരക്ഷിച്ചുനിര്‍ത്തേണ്ടത് നമ്മുടെ നാടന്‍ മാവുകള്‍ തന്നെയാണ്.
Discussion about this post