എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ് നറുനീണ്ടി സർബത്ത്. ഇന്ത്യയിലും സമീപ രാജ്യങ്ങളിലും വളരുന്ന നറുനീണ്ടി എന്ന സസ്യത്തിന്റെ വേരിന്റെ സത്തുപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഹെമിഡെസ്മസ് ഇൻഡിക്കസ് എന്നാണ് ശാസ്ത്രനാമം.ധാരാളം വേരുകളുള്ള സസ്യത്തിന്റെ കിഴങ്ങിന് രൂക്ഷ ഗന്ധവും ഔഷധ ഗുണവുമുണ്ട്. നറുനണ്ടി, നന്നാറി, സരസപരില, ശാരിബ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്.
ഇരുണ്ട തവിട്ടുനിറത്തിലുള്ള തണ്ടുകളോടുകൂടിയ ചെടിയാണ് നറുനീണ്ടി. തീരെ വണ്ണം കുറഞ്ഞ പറ്റിപ്പിടിച്ചു വളരുന്ന നറുനീണ്ടിക്ക് ശാഖകളും കുറവാണ്. വള്ളിയിൽ ഒരേ അകലത്തിൽ എതിർദിശയിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നു. ഇലകൾ തണ്ടിൽനോട് ചേരുന്നിടത്താണ് പൂക്കളുണ്ടാകുന്നത്. ഇവയുടെ വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാൽ ഒരിക്കൽ നശിപ്പിച്ചു കളഞ്ഞാലും വർഷകാലമാകുമ്പോൾ പിന്നെയും മുളച്ചുവരും.
ശരീരതാപം കുറയ്ക്കാനും രക്തശുദ്ധി വരുത്താനുമുള്ള കഴിവ് നറുനീണ്ടി സർബത്തിനുണ്ട്. ശരീരപുഷ്ടിക്കും ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നന്നാറിക്കിഴങ്ങ് നല്ലതാണ്. ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, ത്വക്‌രോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കുഷ്ഠം, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ്.
നറുനീണ്ടിയുടെ വേരുകളാണ് നട്ടുപിടിപ്പിക്കുന്നത്. വേരുകൾ 5 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് പാകി തൈകൾ ഉണ്ടാക്കാം. വരികൾക്കിടയിൽ 50 സെന്റീമീറ്ററും ചെടികൾക്കിടയിൽ 20 സെന്റീമീറ്ററും അകലം പാലിച്ചാണ് നടേണ്ടത്. നന്നായി ജൈവവളം നൽകുകയാണെങ്കിൽ നറുനീണ്ടി നല്ല വിളവ് തരും. പടർന്നു വളരുന്നതിന് സൗകര്യമൊരുക്കുകയാണെങ്കിൽ ഉൽപാദനത്തിൽ കാര്യമായ വർദ്ധനയുണ്ടാകും. ഒന്നര വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വിളവെടുക്കാം. വിളവെടുത്ത വേരുകൾ വൃത്തിയാക്കിയശേഷം ഉണക്കി എടുത്തോ പച്ചയ്ക്കോ മാർക്കറ്റിൽ എത്തിക്കാവുന്നതാണ്.വേനൽകാലത്ത് നറുനീണ്ടി സർബത്തിനും സിറപ്പിനും ആവശ്യക്കാരേറെയാണ്.
Discussion about this post