ഏകദേശം ഇരുന്നൂറോളം ഭക്ഷ്യയോഗ്യമായ കൂണുകള്‍ ഇന്ത്യയിലുണ്ട്.കേരളത്തില്‍ പൊതുവേ കൃഷി ചെയ്യാറുള്ള കൂണ്‍ ഇനമാണ് ചിപ്പിക്കൂണ്‍. ഒപ്പം പാല്‍ക്കൂണും കൃഷി ചെയ്യാറുണ്ട്. മാംസ്യം ധാരാളമായി അടങ്ങിയിട്ടുള്ള കൂണുകള്‍ പോഷകസമൃദ്ധവും ഔഷധമൂല്യമുള്ളതുമാണ്.
ശുചിത്വമാണ് കൂണ്‍കൃഷിക്ക് ഏറ്റവും ആവശ്യമായ ഘടകം. ബെഡ്ഡുകള്‍ തയ്യാറാക്കുന്നതിനു മുന്‍പ് കൈകള്‍ നന്നായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
സാധാരണയായി കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമം വൈക്കോല്, ചകിരിച്ചോറ്, റബ്ബറിന്റെ അറക്കപ്പൊടി എന്നിവയാണ്. വൈക്കോല്‍ ഉപയോഗിക്കുമ്പോള്‍ വൃത്തിയുള്ള പഴകാത്ത സ്വര്‍ണ്ണനിറമുള്ള വൈക്കോല്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മൂന്ന് രീതിയില്‍ ഇതിനെ അണുവിമുക്തമാക്കാം. ആവിയില്‍ പുഴുങ്ങിയെടുക്കുകയോ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ അതുമല്ലെങ്കില്‍ രാസലായനിയില്‍ മുക്കി എടുക്കുകയോ ചെയ്യാം.
12 മുതല്‍ 16 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വെള്ളം വാര്‍ത്ത് കളഞ്ഞ് വേണം ആവിയില്‍ പുഴുങ്ങി എടുക്കാന്‍.
രാസലായിനിയുപയോഗിച്ചാണ് അണുനശീകരണം നടത്തുന്നതെങ്കില്‍ 7.5 ഗ്രാം കാര്‍ബെന്റാസിം 50ml ഫോര്‍മലിന്‍ എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കേണ്ടത്. ഇതിലേക്ക് വൈക്കോല്‍ മുക്കി 18 മണിക്കൂര്‍ കുതിര്‍ക്കാനായി മാറ്റി വയ്ക്കണം. ശേഷം ലായനിയില്‍ നിന്നും വൈക്കോല്‍ പുറത്തെടുത്ത് വെള്ളം വാര്‍ത്ത് ഏതെങ്കിലും വൃത്തിയുള്ള പ്രതലത്തില്‍ ജലാംശം കുറയ്ക്കുന്നതിനായി നിരത്തി ഇടണം. 50% ഈര്‍പ്പമാണ് വൈക്കോലിന് ആവശ്യം. വൈക്കോലിന് നനവുണ്ടാകണം, എന്നാല്‍ വെള്ളം ഇറ്റു വീഴാന്‍ പാടില്ല.
അടുത്തതായി വേണ്ടത് ബെഡ് തയ്യാറാക്കുന്നതിന് ആവശ്യമായ പോളിത്തീന്‍ കവര്‍ ആണ്. 60 സെന്റീമീറ്റര്‍ നീളവും 30 സെന്റീമീറ്റര്‍ വ്യാസവും 150 ഗേജ് കട്ടിയുമുള്ള പോളിത്തീന്‍ കവറുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
അണുവിമുക്തമാക്കിയ ഒരു ട്രേയിലേക്ക് കൂണ്‍ വിത്തുകള്‍ ഇളക്കി വേര്‍പെടുത്തി ഇടണം. സ്‌പോണ്‍ എന്നാണ് കൂണ്‍ വിത്തുകളെ വിളിക്കുന്നത്. ഇതിനുശേഷം പോളിത്തീന്‍ കവറുകളില്‍ വൈക്കോല്‍ നിറയ്ക്കാം. നിറയ്ക്കുന്നതിനു മുന്‍പ് കവറിന്റെ അടിഭാഗം റബ്ബര്‍ കൊണ്ട് കെട്ടുന്നത് നല്ലതാണ്. പിന്നീട് കവറിലേക്ക് ഒരുപിടി വിത്ത് വിതറണം. ഇതിനുമുകളില്‍ 5 മുതല്‍ 10 സെന്റീമീറ്റര്‍ കനത്തില്‍ ചുമ്മാടുകളുടെ രൂപത്തിലാണ് വൈക്കോല്‍ ക്രമീകരിക്കേണ്ടത്. വൈക്കോല്‍ ചുമ്മാടിന് മുകളിലായി പോളിത്തീന്‍ കവറിന്റെ അരികിലൂടെ വൃത്താകൃതിയില്‍ കൂണ്‍ വിത്ത് വിതറാം. അതിനു മുകളില്‍ അടുത്ത ലെയര്‍ വച്ച് വീണ്ടും വിത്ത് വിതറണം. ഇങ്ങനെ നാല് ലെയറുകള്‍ വരെ ഒരു പോളിത്തീന്‍ കവറില്‍ നിറയ്കാവുന്നതാണ്. ഒടുവിലത്തെ ലെയറില്‍ അരികുകളില്‍ മാത്രമല്ല ഉള്‍ഭാഗത്തും സ്‌പോണ്‍ വിതറാം. ശേഷം പോളിത്തീന്‍ കവറിന്റെ അഗ്രം നന്നായി ചുറ്റി കെട്ടണം.
അണുവിമുക്തമാക്കിയ ഒരു സൂചികൊണ്ട് ബെഡില്‍ ചെറിയ ചെറിയ 45ഓളം സുഷിരങ്ങള്‍ അവിടവിടെയായി ഇട്ടുകൊടുക്കാം. ഇതിനുശേഷം വൈക്കോലില്‍ കൂണ്‍ വളരുന്നതിനായി ഇരുട്ടുള്ളതും ഭാഗികമായി വായുസഞ്ചാരമുള്ളതും ചൂട് കുറഞ്ഞതുമായ ഒരു മുറിയില്‍ വയ്ക്കാം. തറയില്‍ നേരിട്ട് വയ്ക്കാതെ ഉറികളില്‍ തൂക്കുന്നതാണ് നല്ലത്. ബെഡ്ഡുകള്‍ സൂക്ഷിക്കുന്നതിനു മുന്‍പ് മുറി അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം.
15 ദിവസത്തിനുള്ളില്‍ ബെഡ് വെളുത്ത പൂപ്പല്‍ കൊണ്ട് നിറയും. ആ സമയത്ത് വൃത്തിയുള്ള ഒരു ബ്ലേഡ് ഉപയോഗിച്ച് പോളിത്തീന്‍ കവര്‍ അവിടവിടെയായി നീളത്തില്‍ കീറി കൊടുക്കണം. ശേഷം സ്‌പ്രേയര്‍ ഉപയോഗിച്ച് ചെറുതായി നനയ്ക്കാം. തുടര്‍ന്നുള്ള ദിവസങ്ങളിലും നന തുടരണം. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കൂണുകള്‍ പുറത്തുവരികയും നന്നായി വിടര്‍ന്ന് വിളവെടുപ്പിന് പാകമാവുകയും ചെയ്യും. പാകമായ കൂണുകള്‍ കൈകൊണ്ട് മൂടോടെ പിരിച്ച് അടര്‍ത്തി എടുക്കണം. ഇത്തരത്തില്‍ ഒരു ബെഡില്‍ നിന്ന് മൂന്ന് വിളവ് വരെ ലഭിക്കും. 40 മുതല്‍ 45 ദിവസമാണ് ഒരു ബെഡ്ഡിന്റെ കാലാവധി. 800 ഗ്രാം മുതല്‍ ഒരു കിലോ ചിപ്പിക്കൂണ്‍ വരെ ഒരു ബെഡില്‍ നിന്ന് വിളവ് ലഭിക്കും.
ചിപ്പിക്കൂണിന് നല്ല വെളുത്ത നിറമായിരിക്കും. ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു മുന്‍പ് രോഗകീടബാധയൊന്നും ഏറ്റിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post