നിലത്ത് പതിഞ്ഞു മണ്ണിനോട് പറ്റിച്ചേര്‍ന്നു വളരുന്ന ചെടിയാണ് കച്ചോലം. ഇഞ്ചിയുടെ കുടുംബത്തിലുള്ള കച്ചോലത്തിന്റെ ശാസ്ത്രനാമം ക്യാംഫേറിയ ഗലാംഗ എന്നാണ്. സാമാന്യം വലിപ്പമുള്ള, വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ ഉള്ള ഇലകളാണ് കച്ചോലത്തിന്റേത്. പര്‍പ്പിള്‍ വരകളുള്ള വെളുത്ത പൂക്കളാണ് ഉണ്ടാകാറുള്ളത്. ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലാണ് പുഷ്പിക്കുന്നത്. മണ്ണിനടിയില്‍ പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകള്‍ ഉണ്ടാകും. ഈ കിഴങ്ങുകള്‍ക്ക് പലതരം ഉപയോഗങ്ങളുണ്ട്.
ആയുര്‍വേദ മരുന്നുകളിലും ചൂര്‍ണ്ണങ്ങളിലും തൈലങ്ങളിലുമെല്ലാം കച്ചോലം ഉപയോഗിക്കുന്നുണ്ട്. ദശമൂലാരിഷ്ടം, വലിയ രാസ്‌നാദി കഷായം, അഗസ്ത്യരസായനം എന്നിവയുടെ ചേരുവയാണ് കച്ചോലം.ചര്‍മരോഗങ്ങള്‍ക്കും ചുമ, ബ്രോണ്‍കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമഔഷധം. വാതം, പിത്തം, കഫം എന്നിവയുടെ ചികിത്സയ്ക്കും ഉദരരോഗങ്ങള്‍ക്കും കണ്ണിന്റെ ശുദ്ധിക്കുമെല്ലാം ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സുഗന്ധം പുറപ്പെടുവിക്കുന്നതിനാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സുഗന്ധ ലേപനങ്ങളിലുമെല്ലാം കച്ചോലം ചേര്‍ക്കാറുണ്ട്.
ഉണങ്ങിയ കച്ചോലക്കിഴങ്ങ്‌പൊടി തേനുമായി ചേര്‍ത്ത് കഴിക്കുന്നത് ചര്‍ദ്ദിക്കുള്ള മരുന്നാണ്. കച്ചോല കിഴങ്ങിന്റെ ഒരു ടീസ്പൂണ്‍ നീര് സേവിച്ചാല്‍ കുട്ടികളില്‍ വിര ശല്യം ഭേദമാക്കാം. ഒരു സ്പൂണ്‍ കച്ചോലപ്പൊടി നാരങ്ങാനീരും ഇഞ്ചിനീരുമായി ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെ ഉദരരോഗങ്ങള്‍ക്ക് നല്ലതാണ്. കച്ചോല കിഴങ്ങ് പള്‍പ്പ് മോണയില്‍ പുരട്ടുന്നത് പല്ലുവേദനയ്ക്കുള്ള പരിഹാരമാണ്. ഹെര്‍ബല്‍ ഷാംപൂവില്‍ താരനുള്ള പ്രതിവിധിയായും കച്ചോലപ്പൊടി ചേര്‍ക്കാറുണ്ട്. വസ്ത്രങ്ങളെ പ്രാണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കച്ചോലം ഉത്തമം. വെറ്റിലയോടൊപ്പം മുറുക്കുന്നതിന് പണ്ടുകാലം മുതല്‍ക്കേ കച്ചോലം ഉപയോഗിച്ചിരുന്നു. ഇത് ചുമ, ശ്വാസതടസ്സം എന്നിവ തടയുമത്രേ.
നല്ല വിളവ് തരുന്നതും കൂടുതല്‍ സുഗന്ധമുള്ളതുമായ കച്ചോലത്തിന്റെ ഇനങ്ങളാണ് രജനിയും കസ്തൂരിയും. കൂത്താട്ടുകുളം, തൊടുപുഴ, പെരുമ്പാവൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളില്‍നിന്നുള്ള പ്രാദേശിക ഇനങ്ങളും കൂടുതലായി കൃഷി ചെയ്യുന്നുണ്ട്.
സാധാരണയായി മെയ്മാസത്തിലാണ് നടുന്നത്. കിഴങ്ങുകള്‍ മുഴുവനായോ മുറിച്ചെടുത്തോ നടാനായി ഉപയോഗിക്കാം. ആരോഗ്യമുള്ള ഒരു മുളയെങ്കിലും കിഴങ്ങില്‍ ഉണ്ടായിരിക്കണം. രോഗബാധയേല്‍കാത്ത കിഴങ്ങുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. 4 മുതല്‍ 5 സെന്റീമീറ്റര്‍ ആഴത്തില്‍ കിഴങ്ങുകള്‍ നടാം. നട്ടതിനുശേഷം പച്ചില കൊണ്ട് പുതയിടുന്നത് നല്ലതാണ്.
നട്ട് ഏഴു മാസങ്ങള്‍ക്ക് ശേഷം കച്ചോലം വിളവെടുക്കാം. ഇലകള്‍ കരിഞ്ഞു തുടങ്ങുമ്പോഴാണ് വിളവെടുക്കുന്നത്. ശേഖരിച്ച കിഴങ്ങുകള്‍ നന്നായി കഴുകി ഉണക്കി എടുക്കണം. ശേഷം ഒരേ വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള കഷണങ്ങളായി മുറിച്ചെടുക്കാം. ഇത് വൃത്തിയുള്ള നിലത്ത് നാലഞ്ച് ദിവസം ഉണങ്ങാന്‍ വയ്ക്കണം. ഉണങ്ങിയ കിഴങ്ങുകള്‍ ശേഖരിച്ച് വൃത്തിയാക്കി പാക്കുകളിലാക്കി സൂക്ഷിക്കാം. ഒരുപാട് കാലം സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഇടയ്ക്ക് വെയില്‍ കൊള്ളിക്കാന്‍ മറക്കരുത്.
കടപ്പാട് : Kerala Agriculture University
Discussion about this post