മധുരവും പുളിയും ഒരുപോലെ അടങ്ങിയ വ്യത്യസ്തമായ രുചിയുള്ള ഫലമാണ് മുള്ളാത്ത അഥവാ സോർസോപ്പ്. അനോന മ്യൂറികേറ്റ എന്നാണ് ശാസ്ത്രനാമം. ഉഷ്ണ മിതോഷ്ണ പ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളാത്ത 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണ്. ഇന്ത്യ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നു.
മുള്ളാത്തയുടെ പഴുത്ത കായകൾ കഴിക്കുന്നതും ഇലച്ചായ കുടിക്കുന്നതും പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. കാൻസർ, സന്ധിവാതം, മലേറിയ, പ്രമേഹം എന്നിവയെ ചെറുക്കാൻ മുള്ളാത്തക്ക് കഴിയും. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറെ നല്ലത്.
മുള്ളാത്തയിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾക്ക് വൻകുടൽ, സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെയുള്ള അവയവങ്ങളെ ബാധിക്കുന്ന 12 തരം ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമത്രേ.
കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമടങ്ങിയിട്ടുള്ള മുള്ളാത്ത, എല്ലുകളുടെ ശക്തിക്ഷയം കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്. മുള്ളാത്തയിൽ അടങ്ങിയിട്ടുള്ള ഫൈബർ മലബന്ധം തടയും. ഇതിലടങ്ങിയ ട്രിപ്റ്റോഫാൻ എന്ന ഘടകം നല്ല ഉറക്കം നൽകാൻ സഹായിക്കും. 84% ജലാംശം അടങ്ങിയിട്ടുള്ള മുള്ളാത്ത മൂത്രനാളിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ ഉദരരോഗങ്ങൾ, വിരശല്യം എന്നിവയ്ക്കും ഏറെ നല്ലത്. വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമാരോഗ്യം സംരക്ഷിക്കുന്നതിനും ചെറുപ്പം നിലനിർത്തുന്നതിനും സഹായിക്കും. ഇലകളിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ വേദനസംഹാരിയായി പ്രവർത്തിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഹൈപ്പർടെൻഷൻ കുറയ്ക്കുന്നതിനും മുള്ളാത്ത ഉത്തമമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായ തോതിൽ മുള്ളാത്ത കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. നാഡീവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ പോലെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകാം. അതുകൊണ്ടുതന്നെ മിതമായ തോതിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും മുള്ളാത്തയുടെ ഇലച്ചായ ഒഴിവാക്കണം.
Discussion about this post