പണ്ടുകാലത്ത് നമ്മുടെ കൃഷിയിടങ്ങളിൽ മണ്ണിൻറെ ഈർപ്പം സംരക്ഷിക്കുവാനും, കളകളുടെ വളർച്ച തടയുവാനും ഉപയോഗിച്ചിരുന്നത് ഉണക്ക ഇലകളും വൈക്കോലുമായിരുന്നു. പക്ഷേ ഇന്ന് വ്യാപകമായി കൃഷിയിടങ്ങളിൽ മണ്ണിൻറെ ഉപരിതലം പ്ലാസ്റ്റിക് കൊണ്ട് മൂടുന്നതാണ് പൊതുവേ കണ്ടുവരുന്നത്. പ്ലാസ്റ്റിക് ഫിലിം കൊണ്ടുള്ള പുതയിടൽ മണ്ണിൻറെ താപനില ഉയർത്തുവാനും, മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുവാനും ഏറെ നല്ലതാണ്. സാധാരണഗതിയിൽ 30 മൈക്രോൺ/ 50 മൈക്രോൺ കട്ടിയുള്ള പ്ലാസ്റ്റിക് ഫിലിമുകൾ ആണ് പുതയിടലിന് ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്ന പക്ഷം മണ്ണിൽ നിന്നും ബാഷ്പീകരിക്കുന്ന ജലം പ്ലാസ്റ്റിക് ഫിലിമിന് താഴെ ഘനീഭവിക്കുകയും മണ്ണിൽ തന്നെ അലിയുകയും ചെയ്യുന്നു. പകൽ സമയങ്ങളിൽ മണ്ണിലെ താപനില അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുവാൻ പ്ലാസ്റ്റിക് പുതയിടൽ ഏറെ നല്ലതാണ്. ഇത് രാത്രികാലങ്ങളിലും ഇതേ താപനില നിലനിർത്തുവാൻ സഹായിക്കുന്നു. മണ്ണിലെ ബാഷ്പീകരണം തടയുന്നത് വഴി ഇത് ജലത്തിൻറെ ലവണത്വം കുറയ്ക്കുന്നു. ഒപ്പം മണ്ണിലെ രോഗാണുക്കളെ തടയുവാനും, വള സ്ഥിതീകരണം സാധ്യമാക്കുവാനും നല്ലതാണ്. വിളയെടുപ്പ് കാലം വരെ മണ്ണിൻറെ ഘടന നിലനിർത്താൻ പ്ലാസ്റ്റിക് പുതയിടൽ തന്നെയാണ് അനുയോജ്യം. മഴ സമയങ്ങളിൽ മണ്ണൊലിപ്പ് തീർത്തും തടയുവാൻ ഇത് സഹായിക്കുന്നു. ഒപ്പം ജൈവ പുതയിടലിനെ അപേക്ഷിച്ച് ഇത് ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്നു. രാത്രികാലങ്ങളിലും ചൂടുള്ള അന്തരീക്ഷം സൃഷ്ടിക്കുക വഴി വിത്ത് മുളയ്ക്കൽ വേഗത്തിലാക്കുകയും വേരുപടലങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. തുള്ളി നന സജ്ജീകരണമാണ് ഒരുക്കുന്നതെങ്കിൽ പൈപ്പ് പുതയുടെ അടിയിലായി വരുത്തുക രീതിയിൽ ക്രമീകരിക്കുക. ഇടവിളയായി ചെയ്യുന്നതെങ്കിൽ പൈപ്പ് ലൈനും ഡ്രിപ്പറും പുതയുടെ മുകളിലായി വരണം. ജലത്തിൻറെ നിർഗമനം ചെറിയ പൈപ്പുകൾ വഴിയോ ഇതിനടിയിലെ ചെറിയ സുഷിര വഴിയോ കടത്തി വിടണം.
പുതയിടൽ ചെയ്യേണ്ട രീതി
വിളകൾക്ക് അനുസൃതമായ സ്ഥലം പുത ഇടാനായി തിരഞ്ഞെടുക്കുക, അതിനുശേഷം ആവശ്യമുള്ള വലുപ്പത്തിൽ പ്ലാസ്റ്റിക് ഷീറ്റും മുറിച്ചെടുക്കുക. പുതയിടാനുള്ള സ്ഥലം കല്ലുകളും കളകളും നീക്കം ചെയ്ത് വൃത്തിയാക്കി വയ്ക്കുക. പുതയിടുന്നതിനു മുൻപ് അല്പം വെള്ളം നനച്ചു കൊടുക്കുക. പുതയിടൽ ഷീറ്റ് ശരിയായി ഉറപ്പിച്ചു നിർത്താനായി സ്ഥലത്തിന് ചുറ്റും ഒരു ചെറിയ ചാലു കീറുക. ചെടിയുടെ ചുറ്റും മുഴുവനും ഭാഗത്തുമായി പുതയിട്ട ശേഷം അതിൻറെ അഗ്രഭാഗം മണ്ണിൽ കുഴിച്ചിടുക. വെള്ളത്തിൻറെ ശരിയായ ഒഴുക്കിനായി പുതയുടെ നാല് കോണുകളിലും ആയി അർദ്ധവൃത്താകൃതിയിലുള്ള സുഷിരങ്ങൾ ഇടണം. പുതയുടെ വശങ്ങളിലായി 4 മുതൽ 8 ഇഞ്ച് കനത്തിൽ മണ്ണിട്ട് അതിന്റെ സ്ഥാനം ഉറപ്പിച്ച് നിർത്തണം.
Discussion about this post