എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയില്‍ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നു. ഹരിതകര്‍മസേന, കുടുംബശ്രീ കൂട്ടായ്മകള്‍, വിവിധ സ്വയംസഹായ സംഘങ്ങള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവര്‍ക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാര്‍ഡുതല ജാഗ്രതാ സമിതികളും കൃഷിയുടെ ഭാഗമാകുന്നുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിലാണ് കൃഷിയിറക്കിയത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരേക്കര്‍ പച്ചക്കറികൃഷി ഒരുക്കിയിട്ടുണ്ട്. 16500 പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍, 90000 പച്ചക്കറി തൈകള്‍ എന്നിവ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
ഓണത്തിനൊരുമുറം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 60 ടണ്‍ പച്ചക്കറി ഉത്പാദനമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. തരിശുരഹിത ഭൂമി ലക്ഷ്യമിടുന്ന സുഭിക്ഷകേരളം പദ്ധതിക്ക് കീഴില്‍ ഒരു ഹെക്ടറിന് കര്‍ഷകര്‍ക്ക് 37000 രൂപയും സ്ഥല ഉടമക്ക് 3000 രൂപയും സര്‍ക്കാര്‍ സബ്സിഡി നല്കുന്നു.
Discussion about this post