അടുക്കളിയിലെ പ്രധാനിയാണ് പുതിന. കേരളത്തിൽ എല്ലാ സമയത്തും ചെയ്യാൻ പറ്റുന്ന കൃഷിയാണ് പുതിനകൃഷി. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ പുതിന എളുപ്പം കൃഷി ചെയ്യാം. കാര്യമായ പരിചരണം നൽകാതെ തന്നെ പുതിന കൃഷി മികച്ച വിളവ് നൽകും. കടകളിൽ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകൾ ബാക്കി വരുന്നത് നട്ടാൽ മതി ആവശ്യത്തിന് പുതിനയില ലഭിക്കും.
ചെറിയ കവറുകളിലോ അല്ലെങ്കിൽ ഗ്രോ ബാഗുകളിലോ നടാം. നടുമ്പോൾ ചാണകപ്പൊടിയും മണലും ചകിരിച്ചോറും ചേർത്ത മിശ്രിതമാണ് നല്ലത്. ചെടിയുടെ തണ്ട് മുറിച്ച് നട്ട് വളർത്താം. വേരുപിടിക്കുന്നതുവരെ സൂര്യപ്രകാശം അമിതമായി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അൽപം തണലത്ത് വളർത്തുന്നതാണ് നല്ലത്. അത്യാവശ്യം വളർച്ചയെത്തി മാറ്റി നടാമെന്ന് തോന്നുന്ന സമയമാകുമ്പോൾ പറമ്പിലെ മണ്ണിലേക്ക് നട്ടുവളർത്താം.
ചെടിയിൽ പൂർണവളർച്ചയെത്തിയ ഇലകൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ വിളവെടുക്കാം. പരമാവധി ഇലകൾ പറിച്ചെടുത്താൽ കൂടുതൽ വിളവുണ്ടാകും. പുതിനയിലയിൽ നിന്ന് സുഗന്ധമുള്ള തൈലമുണ്ടാക്കുന്നുണ്ട്. ഈ സുഗന്ധം ലഭിക്കണമെങ്കിൽ പൂക്കളുണ്ടാകുന്നതിന് മുമ്പായി ഇലകൾ പറിച്ചെടുക്കണം. രാവിലെ പറിച്ചെടുത്ത ഇലകളാണ് തൈലവും സുഗന്ധദ്രവ്യങ്ങളും നിർമിക്കാൻ ഗുണകരം.പറിച്ചെടുത്ത തണ്ടുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവെച്ചാൽ മൂന്ന് മുതൽ ഏഴു ദിവസം വരെ കേടുകൂടാതിരിക്കും. പ്ലാസ്റ്റിക് ബാഗിൽ ശേഖരിച്ച് ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ച പുതുമയോടിരിക്കും.
Mint farming tips
Discussion about this post