കേരളത്തിൽ ഇന്ന് ഒട്ടേറെ ആവശ്യക്കാരുള്ള പൂച്ചെടിയാണ് മെലസ്റ്റോമ. കലദി, അതിരാണി, കലംപൊട്ടി എന്നീ പേരുകളിൽ നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം പിങ്ക് നിറത്തിലുള്ള മെലസ്റ്റോമ ധാരാളമായി കാണാറുണ്ട്.
മെലസ്റ്റോമ എന്ന ഗ്രീക്ക് പദത്തിന് ‘ഇരുണ്ട വായ’ എന്നാണർത്ഥം. ഇതിന്റെ വിത്തുകൾ കഴിച്ചാൽ നാവിന് കറുത്ത നിറം വരുമെന്നതിനാലാണത്രേ ഈ പൂവിന് മെലസ്റ്റോമ എന്ന പേര് വന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണ് ‘കലംപൊട്ടി’ എന്ന് വിളിക്കുന്നത്. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന മെലസ്റ്റോമ എല്ലാകാലത്തും പുഷ്പിക്കും. 5 ഇതളുകളുള്ള പൂക്കൾ വയലറ്റ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണാം.
മെലസ്റ്റോമ ചെടികളെ മണ്ണിലും ചട്ടിയിലും വളർത്താം. മണ്ണിൽ നട്ടുപിടിപ്പിച്ചാൽ ഒരു ചെറു മരണത്തോളം വളരുന്നതായും ധാരാളമായി പുഷ്പിക്കുന്നതായും കാണുന്നുണ്ട്. നല്ല വെയിലുള്ള ഇടങ്ങളിലാണ് നടേണ്ടത്. എന്നാൽ വേനൽകാലത്തെ തീഷ്ണമായ വെയിൽ ഏറെനേരം ഏൽക്കുന്നതിൽനിന്നും സംരക്ഷിക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള മണ്ണിൽ നടണം. ജൈവവളങ്ങൾ, ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ മണ്ണിൽ കലർത്തി നടുന്നത് ഏറെ നല്ലതാണ്.
മണ്ണ് വരണ്ട് പോകാത്ത രീതിയിൽ നന നൽകാൻ ശ്രദ്ധിക്കണം. പൂത്തു കഴിഞ്ഞശേഷം പൂ വന്ന കമ്പുകളുടെ അറ്റം മാത്രം പ്രൂൺ ചെയ്യുന്നത് നല്ലതാണ്. പ്രധാന കമ്പും ശാഖകളും മുറിക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യത്തോടെ വളരുന്നതിന് ജൈവവളങ്ങൾ ഇടയ്ക്ക് മണ്ണിൽ ചേർത്തുകൊടുക്കാം. പിണ്ണാക്ക് തെളി നേർപ്പിച്ചത്, പഴത്തൊലി ഇട്ടുവച്ച വെള്ളം എന്നിവ നൽകുന്നത് നന്നായി പുഷ്പിക്കുന്നതിന് സഹായിക്കും
Discussion about this post