ധാരാളം പോഷകഗുണങ്ങളുള്ള ധാന്യമാണ് ചോളം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് ചോളം.
പൊയേസീ കുടുംബത്തില്‍പ്പെട്ട ചോളത്തില്‍ മക്കച്ചോളവും മണിച്ചോളവുമുള്‍പ്പെടുന്നു. ഉത്തരേന്ത്യയിലാണ് പ്രധാനമായും ചോളം കൃഷി ചെയ്യുന്നതെങ്കിലും കേരളത്തിലും ഇന്ന് ചോളകൃഷിയുണ്ട്. വിവിധ സങ്കര ഇനങ്ങളായ ഗംഗ -1 , ഗംഗ- 101, ഡക്കാണ്‍ ഹൈബ്രിഡ്, രഞ്ജിത്ത് , ഹൈസ്റ്റാര്‍ച് , കിസ്സാന്‍ കോ0പോസിറ്റ്, ആംബര്‍, വിജയ്-വിക്രം, സോനാ, ജവഹര്‍ തുടങ്ങിയവയൊക്കെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായ പരിചരണമുറകളിലൂടെ ചോളകൃഷി ലാഭകരമാക്കാം.
പുതു മഴ ലഭിക്കുന്നതോടെയാണ് ചോള കൃഷിക്ക് ഏറ്റവും അനുയോജ്യ സമയം. മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. സ്ഥലത്തിനനുസരിച്ച്, ഒരു മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവുമുള്ള തടങ്ങള്‍ ഉണ്ടാക്കുക. തടത്തില്‍ 50 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, 20 കിലോ എല്ലുപൊടി എന്നിവയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ 1:1 എന്ന അനുപാതത്തില്‍ നിറച്ച് വിത്തുകള്‍ നടണം. ഒരാഴ്ച പ്രായമായ തൈകള്‍ വേണം പറിച്ചു നടാന്‍. ഒരു തടത്തില്‍ നാലു നിരയായി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 30 സെ.മീ. അകലം ഉണ്ടായിരിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കണം.
ഒന്നര രണ്ട് മാസമാകുമ്പോഴേക്കും ഏകദേശം ആറടി പൊക്കം വെക്കുകയും മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങുകയും ചെയ്യും. അതിന് ശേഷം ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. കായ്കള്‍ക്ക് മുകളിലായി കടും ബ്രൗണ്‍ കളറില്‍ നൂലുപോലെ പൂക്കള്‍ ഉണ്ടാകും.
ചോളത്തെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. പ്രധാനമായും ഇലകള്‍ മഞ്ഞക്കളറാകുകയും ചെടി മുരടിക്കയും ചെയ്യുന്നത് ഫോസ്ഫറസിന്റെ കുറവുമൂലമാണ്. ഫോസ്ഫറസ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം. ഇലകളുടെ അരിക് മഞ്ഞകലര്‍ന്ന ബ്രൗണ്‍ കളറാകുന്നത് പൊട്ടാസ്യത്തിന്റെ കുറവു കൊണ്ടാണിത്. ചാരം ഇട്ട് കൊടുക്കുന്നത് നല്ലതാണ്. കുമിള്‍, നെമറ്റോഡ്, എഫിസ്, ഫ്രൂട്ട് വേം എന്നിവ ചെടിയെ ബാധിക്കുന്ന കീടങ്ങളാണ്. ട്രൈക്കോഡര്‍മ, ഫിഷ് അമിനോ എന്നീ ജൈവവളങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞ രീതിയില്‍ ഉപയോഗിച്ചാല്‍ ചെടിയിലെ രോഗ കീടബാധകള്‍ അകറ്റാവുന്നതാണ്.
Discussion about this post