മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്കായി ‘മണ്ണ്’ മൊബൈൽ ആപ്പ്. മണ്ണിന്റെ പോഷകഗുണങ്ങൾ സ്വന്തം മൊബൈലിലൂടെ കർഷകർക്ക് അറിയാൻ സാധിക്കും എന്നതാണ് ‘MANNU’ എന്ന മൊബൈൽ ആപ്പിന്റെ പ്രത്യേകത. എം എ എം ( മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന ഐക്കണിൽ ഇത് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്ലിക്കേഷൻ വഴി കർഷകർക്ക് അവർ നിൽക്കുന്ന പ്രദേശത്തെ മണ്ണിലെ മൂലകങ്ങളുടെ അളവ് മനസ്സിലാക്കാനാകും. കാർബൺ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ, സിങ്ക്, ബോറോൺ, കോപ്പർ, ഇരുമ്പ് എന്നിവയുടെ തോതും മണ്ണിലെ പി എച്ചിന്റെ അളവും വ്യക്തമായി മനസ്സിലാക്കാം. ആവശ്യമായ തോതിലുള്ള മൂലകങ്ങളെ പച്ചനിറത്തിലും മിതമായി മാത്രം മണ്ണിലുള്ള മൂലകങ്ങളെ മഞ്ഞനിറത്തിലും കുറവുള്ള മൂലകങ്ങളെ ചുവന്ന നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം..ഒപ്പം വിളകൾക്കും വിളകളുടെ ഇനങ്ങൾക്കും അനുസൃതമായ വള ശുപാർശയും ആപ്പിലൂടെ ലഭ്യമാണ്. കേരള കാർഷിക സർവ്വകലാശാല നൽകിയിട്ടുള്ള വള ശുപാർശയാണ് ലഭ്യമാക്കുക. ജൈവ കൃഷി ചെയ്യുന്നവർക്ക് പ്രത്യേകം ജൈവ രീതിയിലുള്ള ശുപാർശ ലഭിക്കും. ഒപ്പം രാസവളങ്ങൾ ചേർക്കേണ്ട അളവുമുണ്ട്. ആപ്ലിക്കേഷനിലെ മുൻ തിരയൽ എന്ന ഓപ്ഷനിൽ കർഷകർക്ക് അവർ നടത്തിയ മുൻ പരിശോധനകളും അവയുടെ സ്ഥാനവും തീയതിയും മറ്റ് മുഴുവൻ വിവരങ്ങളും ലഭ്യമാകും. സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പറും കർഷകർക്ക് അഭിപ്രായങ്ങൾ അറിയിക്കുവാൻ ഉള്ള സൗകര്യവും ആപ്പിൽ തന്നെയുണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ചാണ് ആപ്ലിക്കേഷൻ കർഷകരുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കുന്നത്.
കേരള സർക്കാരിന് കീഴിലുള്ള മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വിഭാഗമാണ് ഈ ആപ്ലിക്കേഷന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
Discussion about this post