ഒരു മാവെങ്കിലും ഇല്ലാത്ത ഒറ്റ വീട്ടുവളപ്പും കേരളത്തില്‍ ഉണ്ടാകില്ല. കേരളത്തിലെ എണ്‍പത്തേഴു ലക്ഷം വരുന്ന വീട്ടുവളപ്പുകളില്‍ നല്ലൊരു പങ്കും പതിനഞ്ച് സെന്റില്‍ താഴെ ആണ്. അതില്‍ വീടും മുറ്റവും പട്ടിക്കൂടും കാര്‍ പോര്‍ച്ചും കഴിഞ്ഞ് ബാക്കി ഉള്ളിടം സൂര്യന് കീഴില്‍ ഉള്ള എല്ലാ വൃക്ഷങ്ങളും ഉള്ള ഒരു ട്രീ മ്യൂസിയം ആക്കി മാറ്റുകയാണ് നമ്മുടെ പതിവ് രീതി. അവിടെ ശാസ്ത്രീയമായ അകലം, ശരിയായ നീളം, വീതി, ആഴം പാലിച്ചുള്ള കുഴിയെടുപ്പ്, വര്‍ഷാവര്‍ഷം ഉള്ള ചിട്ടയായ വള പ്രയോഗം ഒന്നും ഉണ്ടാവില്ല. ആയതിനാല്‍ തന്നെ തെങ്ങിലായാലും മാവിലായാലും വാഴയിലായാലും മികച്ച വിളവ് അപൂര്‍വ്വം.
ഒന്നോ രണ്ടോ മാവുകള്‍ മാത്രം ആയിരിക്കാം പലപ്പോഴും അത്തരം വീട്ടുവളപ്പില്‍ നടാന്‍ കഴിയുക. അപ്പോള്‍ മാവിലെ സൂപ്പര്‍ താരങ്ങളെ തേടി പോകാതെ മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, കൊളംബി, കര്‍പ്പൂരം, പ്രിയോര്‍, നീലം, കോട്ടൂര്‍ കോണം, കോശ്ശേരില്‍ എന്നിവ വയ്ച്ചാല്‍ നമുക്ക് വിളവ് ഉറപ്പിക്കാം.
കൂടുതല്‍ മാവുകള്‍ വയ്ക്കാന്‍ സ്ഥലം ഉണ്ടെങ്കില്‍ മല്ലിക, ബംഗനപ്പള്ളി, സിന്ദൂരം, ചന്ത്രക്കാറന്‍, കാലപ്പാടി, മുണ്ടപ്പ, കിളിമുക്ക്, രത്‌ന എന്നിവയും പരീക്ഷിക്കാം.
എന്ത് കൊണ്ടാണ് നമ്മുടെ വീട്ടുവളപ്പുകളില്‍ മാവുകള്‍ ശരിയാം വണ്ണം വിളവ് തരാത്തത്?
1. മാവില്‍ നിന്നോ മറ്റു മരങ്ങളില്‍ നിന്നോ വേണ്ടത്ര അകലത്തില്‍ മാവുകള്‍ നടാറില്ല.
2.പ്രാദേശികമായി അനുയോജ്യമായ ഇനങ്ങള്‍ നോക്കി നടാറില്ല
3.ശരിയായ അളവില്‍ ഉള്ള കുഴികള്‍ എടുത്ത് വേണ്ടത്ര അളവില്‍ അടിസ്ഥാനവളം ചേര്‍ത്ത് കുഴി മൂടി തൈകള്‍ നടുന്നതില്‍ ഉദാസീനത.
4.മാവ് തുടക്കത്തിലേ ശിഖരങ്ങള്‍ ക്രമീകരിച്ചു (Formative Prunning ) അധികം ഉയരം വയ്ക്കാതെ പടര്‍ത്തി വളര്‍ത്താറില്ല.
5.വര്‍ഷാവര്‍ഷം പ്രധാന സസ്യ മൂലകങ്ങള്‍ സന്തുലിതമായി ചേര്‍ത്ത് വളപ്രയോഗം നടത്താറില്ല.
6. വിളവെടുപ്പിനു ശേഷം ചെറിയ അളവില്‍ കൊമ്പ് കോതല്‍ (maintenance prunning ) നടത്താറില്ല.
7. മാന്തളിര്‍ മുറിയന്‍, തളിരില കുരുടല്‍, ഇല കൂടുകെട്ടി പുഴു, കൊമ്പുണക്കം, കറയൊലിപ്പ്, കായീച്ച എന്നിവയെ മുന്‍കൂട്ടി കണ്ട് പ്രതിരോധ മരുന്നുകള്‍ ചെയ്യാറില്ല.
എങ്ങനെ ആണ് മാവ് നട്ടതിന് ശേഷം അതിന് ശരിയായ ആകൃതി നല്‍കി, വര്‍ഷാവര്‍ഷം കൊമ്പുകള്‍ ആവശ്യത്തിന് കോതി നിര്‍ത്തേണ്ടത് എന്ന് നോക്കാം.
1 മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴി എടുക്കണം. കുഴി എടുക്കുമ്പോള്‍ ഒരടി മേല്‍മണ്ണ് പ്രത്യേകം മാറ്റി വയ്ക്കണം. അത് കുഴിയെടുത്തു കഴിഞ്ഞ് ഏറ്റവും അടിയില്‍ ആയി ഇടണം. അതിന് ശേഷം 2കിലോ റോക്ക് ഫോസ്ഫേറ്റ്, 25 കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കിളച്ചെടുത്ത മണ്ണ് എന്നിവ കൂട്ടി കലര്‍ത്തി കുഴി മൂടിയതിനു ശേഷം അതില്‍ പിള്ളക്കുഴി എടുത്ത് വേണം തൈകള്‍ നടാന്‍. അപ്പോള്‍ വേരുകള്‍ അടിയിലേക്ക് പോകുമ്പോള്‍ ഇളക്കമുള്ള, വളക്കൂറുള്ള മണ്ണുള്ളതിനാല്‍ വേഗം വളരും. ഇത് ഏത് വൃക്ഷ വിള നടുമ്പോഴും ബാധകമാണ്.
ഏപ്രില്‍ -മെയ് മാസങ്ങളില്‍, വേനല്‍ മഴ കിട്ടുന്നതോടു കൂടി ഒട്ടു തൈകള്‍ നടാം. അടുത്തുള്ള ഏത് മരത്തില്‍ നിന്നും കുറഞ്ഞത് 8 മീറ്റര്‍ എങ്കിലും അകലത്തില്‍ വേണം മാവുകള്‍ നടാന്‍. നല്ല വളക്കൂറുള്ള മണ്ണാണെങ്കില്‍ 10-12 മീറ്റര്‍ അകലം കൊടുക്കണം എന്നാണ് ശാസ്ത്രം. തുടക്കത്തിലേ തന്നെ മാവിന് നല്ല ആകൃതി ലഭിക്കാന്‍ പ്രൂണിങ് ചെയ്യണം.
മാവ് നട്ട് അരപ്പൊക്കം (60-80cm)ആകുമ്പോള്‍ അതിന്റെ മണ്ട മുറിക്കണം. മുറിപ്പാടില്‍ അല്പം കുമിള്‍നാശിനി കുഴമ്പ് പുരട്ടണം. അതിന് ശേഷം ധാരാളം മുളകള്‍ മുറിപ്പാടിന് താഴെ നിന്നും പൊട്ടും. അതില്‍ മൂന്നോ നാലോ മുളകള്‍ മാത്രമേ നിര്‍ത്താവൂ. അതും കരുത്തുള്ളത് മാത്രം. അവ തുല്യഅകലത്തില്‍ ആയിരിക്കണം.
മരത്തിന്റെ നടുഭാഗം നന്നായി വെയില്‍ വീഴത്തക്ക രീതിയില്‍ തുറന്ന് കിടക്കണം.
ഇത്തരത്തില്‍ മൂന്നോ നാലോ കരുത്തുള്ള ശിഖരങ്ങള്‍ വളര്‍ന്നു 40-50 സെന്റി മീറ്റര്‍ ആകുമ്പോള്‍ അവ വീണ്ടും മുറിക്കണം. നല്ല മൂര്‍ച്ചയുള്ള പ്രൂണിങ് ഷിയര്‍ ഉപയോഗിച്ച് മുറിച്ചാല്‍ നല്ലത്. മുറിപ്പാടില്‍ എപ്പോഴും കുമിള്‍ നാശിനി കുഴമ്പ് പുരട്ടുന്നത് നന്നായിരിക്കും. മുറിപ്പാടിന് അടിയില്‍ നിന്നും വരുന്ന മുളകളില്‍ കരുത്തുള്ള മൂന്നോ നാലോ എണ്ണം തുല്യ അകലത്തില്‍ നിര്‍ത്തി ബാക്കിയുള്ളവ നീക്കം ചെയ്യണം. അവ വളര്‍ന്നു 25-30 cm ആകുമ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കണം. ഇങ്ങനെ ചെയ്താല്‍ നടുഭാഗം തുറന്ന് നല്ല ശിഖരങ്ങളോട് കൂടിയ വലിയ പൊക്കമില്ലാത്ത ഒരു ആകൃതി മാവിന് ലഭിക്കും.
മാവിന്റെ ശിഖരങ്ങളുടെ അഗ്ര ഭാഗത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത് . കുറഞ്ഞത് ആറാഴ്ചയെങ്കിലും പ്രായമുള്ള ശിഖരങ്ങള്‍ മാത്രമേ പൂക്കുകയുള്ളൂ. ജൂണ്‍ -ജൂലൈ മാസത്തില്‍ വിളവെടുപ്പ് കഴിയുന്നതോടെ ചെറിയ ഒരു കൊമ്പ് കോതല്‍ നടത്താം. പ്രായം ചെന്നവ, ബലം കുറഞ്ഞവ, വളഞ്ഞു അകത്തേക്ക് വളരുന്നവ, കുത്തനെ മേലോട്ട് വളരുന്നവ, രോഗം ബാധിച്ചവ എന്നിവ നീക്കം ചെയ്യാം. അത് പോലെ തന്നെ ഒരുപാട് കായ്കള്‍ പിടിച്ചവയുടെ അഗ്ര ഭാഗം മുറിച്ച് മാറ്റാം. ചുവട്ടില്‍ നിന്നും നാലടി വരെ പൊക്കത്തിലും ശിഖരങ്ങള്‍ അനുവദിക്കേണ്ട. അപ്പോള്‍ തടം തുറക്കാനും കള പറിക്കാനും വളമിടാനും ഒക്കെ എളുപ്പമുണ്ടാകും.
ചുരുക്കത്തില്‍ പറഞ്ഞാല്‍ മാവിന് തുടക്കത്തിലേ ശിഖരങ്ങള്‍ ഉണ്ടാകണം. നടുഭാഗം തുറന്ന് സൂര്യപ്രകാശം എല്ലാ ശിഖരങ്ങളിലും തട്ടണം. നല്ല വായുസഞ്ചാരം ചില്ലകള്‍ക്കിടയില്‍ ഉറപ്പ് വരുത്തണം. ഇലച്ചാര്‍ത്തുകള്‍ അധികമാകാതെ ക്രമീകരിച്ചാല്‍ പൂക്കാനുള്ള പ്രവണത കൂടും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post