മൺട്രോത്തുരുത്തിലെ കാലാവസ്ഥ അനുരൂപ കൃഷി മാതൃകാ പദ്ധതിയുടെ ഉദ്ഘാടനവും കുട്ടനാട് കാർഷിക കലണ്ടറിന്റെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാർഷിക കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതികളാണ് ഇവയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാട്ടിൽ നിലവിൽ നടക്കുന്ന അച്ചടക്കരഹിതമായ കാർഷിക പ്രവർത്തനങ്ങൾ പുനക്രമീകരിക്കുക, തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ശാസ്ത്രീയമായി നിയന്ത്രിക്കുക, കുട്ടനാട്ടിലെ കാർഷിക തീവ്രത വർധിപ്പിക്കുക, മത്‌സ്യം, കക്ക എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുക, പ്രദേശത്തിന്റെ സ്വാഭാവിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധം കൃഷിയും കൃഷി ക്രമീകരണങ്ങളും രൂപപ്പെടുത്തുക, ജലകളകളുടെ വ്യാപനം, കായലിന്റെ ജൈവവൈവിധ്യ ശോഷണം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് കാർഷിക കലണ്ടറിന്റെ ഉദ്ദേശലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക കലണ്ടർ പ്രകാരം കായൽ നിലങ്ങളിലും ലോവർ കുട്ടനാട്, ഉത്തരകുട്ടനാട് എന്നിവിടങ്ങളിലും പുഞ്ചകൃഷി വിത ഒക്‌ടോബർ പകുതിക്ക് ആരംഭിച്ച് നവംബർ ആദ്യവാരം അവസാനിക്കുന്ന വിധത്തിലും വിളവെടുപ്പ് ഫെബ്രുവരിയോടെ ആരംഭിച്ച് മാർച്ച് ആദ്യം അവസാനിക്കുന്ന തരത്തിലുമാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അപ്പർ കുട്ടനാട്ടിലെ പുഞ്ചകൃഷി ഡിസംബറിൽ ആരംഭിച്ച് വിളവെടുപ്പ് മാർച്ച് പകുതി മുതൽ തുടങ്ങി ഏപ്രിൽ പകുതിയോടെ അവസാനിപ്പിക്കാൻ കഴിയുന്ന തരത്തിലുമാണ് നിർദ്ദേശം.
മൺട്രോത്തുരുത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങൾ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥ അനുരൂപ കൃഷി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരുജല നെൽകൃഷി, കൂട് മത്‌സ്യകൃഷി, കക്ക കൃഷി, താറാവ് വളർത്തൽ എന്നിവ ഉൾപ്പെടുത്തി സംയോജിത സുസ്ഥിര ഭൂവിനിയോഗ കാർഷിക മാതൃക നടപ്പാക്കും. പരിസ്ഥിതി സൗഹൃദതീരസംരക്ഷണം ഉറപ്പാക്കുകയും ഓരുജല വ്യാപനം തടയുകയും ചതുപ്പുകളുടെ അതിരുകളിൽ കണ്ടൽ വേലി നിർമിക്കുകയും ചെയ്യും. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
Discussion about this post