ഇന്ന് ലോക തണ്ണീർത്തട ദിനം. വെള്ളവും തണ്ണീർത്തടങ്ങളും ജീവനും വേർപിരിക്കാനാവാത്തവിധം പരസ്പരബന്ധിതമാണ് എന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇൻസെപ്പറബ്ൾ : വാട്ടർ, വെറ്റ്ലാൻഡ്‌സ് ആൻഡ് ലൈഫ് എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.ഭൂമിയിലെ ജീവന്റെ നിലനില്പിന് തണ്ണീർത്തടങ്ങൾ കൂടിയേ തീരു. തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി 1971 ഫെബ്രുവരി 2 നാണ് റാംസർ കൺവെൻഷൻ നടന്നത്. ഇറാനിലെ റാംസറിൽ വിവിധരാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് തണ്ണീർ തടങ്ങളുടെ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാക്കി. 1997 മുതൽ ഈ ദിവസം ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള 26 റാംസർ സൈറ്റുകളിൽ കേരളത്തിലെ വേമ്പനാട്ട് കായൽ നിലങ്ങൾ, തൃശൂർ- പൊന്നാനി കോൾ നിലങ്ങൾ , ശാസ്താംകോട്ട ശുദ്ധജലതടാകം, അഷ്ടമുടിക്കായൽ എന്നിവയുൾപ്പെടുന്നു.
നദീതടങ്ങളെ ചുറ്റിപ്പറ്റിയാണ് ലോകത്തെ എല്ലാ സംസ്കാരങ്ങളും വികസിച്ചത്. മനുഷ്യരാശിയുടെ വളർച്ചയുടെ പാതയിൽ നിർണ്ണായകസ്ഥാനമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്.
Discussion about this post