വിദേശ വിപണിയില്‍ വളരെ ഡിമാന്റുള്ള വനോത്പന്നമാണ് തെരുവപുല്ല് എന്നറിയപ്പെടുന്ന ലെമണ്‍ ഗ്രാസ്. ഇഞ്ചിപ്പുല്ലെന്നും ഇത് അറിയപ്പെടുന്നു. ഏറെ ഔഷധഗുണമുള്ള ഈ തൈലത്തിന് നല്ല സുഗന്ധവുമാണ്. മലയോര മേഖലകളിലെ വനപ്രദേശങ്ങളിലാണ് ഈ പുല്‍ച്ചെടി പൊതുവെ കണ്ടുവരുന്നത്. ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി സഹകരണസംഘങ്ങള്‍ ഇഞ്ചിപ്പുല്‍ തൈലം വാറ്റി വിപണിയിലെത്തിക്കുന്നുണ്ട്. കൃഷി ചെയ്യാന്‍ വളരെ ചെലവുകുറവാണെങ്കിലും തൈലത്തിന് വിപണിയില്‍ നല്ല വിലയാണ്. കിലോയ്ക്ക് 1500 രൂപ വരെ ലഭിക്കും. പുല്‍ത്തൈല കൃഷിക്ക് പ്രത്യേക പരിചരണവും ആവശ്യമില്ല.
പുല്‍ത്തൈല കൃഷിയ്ക്ക് അനുയോജ്യമായ സമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ്. കിളച്ചൊരുക്കിയ മണ്ണില്‍ വിത്ത് വിതച്ചാണ് പുല്‍ക്കൃഷി ചെയ്യുന്നത്. മൂന്നര മാസം കൊണ്ട് പുല്ല് വളര്‍ന്നു മുറിച്ചെടുക്കാന്‍ പാകത്തിലാകും. ഒരു ചെടിയില്‍ നിന്ന് വര്‍ഷങ്ങളോളം വിളവെടുക്കാം. വിത്ത് വിതച്ചാല്‍ കുറച്ചു നനച്ചു കൊടുക്കണം. ആവശ്യമാണെങ്കില്‍ മാത്രം കളപറിച്ചു കൊടുക്കാം. വളമോ കീടനാശിനിയോ ആവശ്യമില്ല. ഇതിന്റെ രൂക്ഷഗന്ധം കീടങ്ങളെയും പ്രാണികളെയും അകറ്റി നിര്‍ത്തും. ആദ്യത്തെ തവണ മുറിച്ചതിനു ശേഷം രണ്ടു മാസം കൂടുമ്പോള്‍ പുല്ലു മുറിച്ചെടുക്കാം.
Discussion about this post