പാലാ പൂവരണിയിലെ ബാബു ജേക്കബിന്റെ വീട്ടിലെ ചെറുനാരങ്ങ കൃഷി കണ്ട് ആരുമൊന്നും നോക്കിനിന്നുപോകും. മധ്യകേരളത്തില്‍ അധികം പരിചിതമല്ലാത്ത ചെറുനാരങ്ങകൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് ബാബു ജേക്കബ്. 14 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ബാബു ചെറുനാരങ്ങ കൃഷിയിലൂടെ കാര്‍ഷികമേഖലയില്‍ വിജയഗാഥ തീര്‍ത്തിരിക്കുകയാണ്.
ഏഴ് സെന്റ് സ്ഥലത്താണ് ബാബുവിന്റെ നാരകകൃഷി. തറവാട് വീടുള്ള സ്ഥലത്തെ നാരകത്തില്‍ പതിവെച്ചാണ് ബാബു നാല് വര്‍ഷം മുമ്പ് ആദ്യമായി തൈകള്‍ ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിളവ് ലഭിച്ചുതുടങ്ങി. ചെറുനാരങ്ങ കൃഷിക്ക് കേരളത്തില്‍ എല്ലാ കാലത്തും വിപണി സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൃഷി കാര്യമാക്കാന്‍ ബാബുവും കുടുംബവും തീരുമാനിച്ചത്. അങ്ങനെ ലെമണ്‍ മെഡോസ് എന്ന നാരക നഴ്‌സറിക്കും തുടക്കമായി.
നാല് വര്‍ഷമായ ഒരു നാരകത്തില്‍ നിന്ന് 100കിലോയിൽ അധികം നാരങ്ങ ലഭിക്കുന്നുണ്ടെന്ന് ബാബു പറയുന്നു. ആഴ്ചയില്‍ 50 കിലോ മുതല്‍ 80 കിലോ വരെ നാരങ്ങ വില്‍ക്കുന്നുണ്ട്. കിലോയ്ക്ക് 130 രൂപ വരെ വില ലഭിച്ചിട്ടുള്ള സമയവുമുണ്ടായിട്ടുണ്ട്.
നാരകത്തില്‍ പതിവെച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. വേര് പിടിക്കുമ്പോള്‍ തൈകള്‍ ഗ്രോബാഗിലേക്ക് മാറ്റുകയാണ് പതിവ്. നഴ്‌സറിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്ത് തൈകള്‍ വാങ്ങാം.
ചെരുനാരകത്തോടൊപ്പം സീഡ്‌ലസ് ലെമണ്‍ കൃഷിയും പേരയ്ക്കയും കൃഷി ചെയ്യുന്നു. കൂടാതെ റംബൂട്ടാന്‍, മാങ്കോസ്റ്റീന്‍, മുട്ടപ്പഴം, പാഷന്‍ഫ്രൂട്ട് എന്നിവയുടെ കൃഷിയും ബാബുവിന്റെ ലെമണ്‍ മെഡോസിലുണ്ട്. നാരകത്തോട്ടത്തോട് ചേര്‍ന്നൊരു മീന്‍കുളവുമുണ്ട്. നാരകത്തോട്ടം നനയ്ക്കാന്‍ ഈ കുളത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
ചെറുനാരങ്ങ കൃഷിയിലൂടെ കാര്‍ഷികമേഖലയില്‍ വിജയം കൈവരിച്ച ബാബുവിനെ തേടി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.പൂവരണി കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും, മീനച്ചില്‍ പഞ്ചായത്തിന്റെ 2019ലെ അവാര്‍ഡും ബാബുവിന് ലഭിച്ചിട്ടുണ്ട്.
Discussion about this post