അലങ്കാരസസ്യങ്ങളിൽ കാക്ടസ്, സക്യുലന്റ്സ് എന്നീ വിഭാഗത്തിൽപെട്ട ചെടികൾക്ക് ആവശ്യക്കാർ ഏറിവരികയാണ്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഭൂരിഭാഗം സസ്യങ്ങൾക്കും വലിപ്പം തീരെ കുറവാണെങ്കിലും മനോഹരമായ ഇലച്ചാർത്താണ് ഇവയെ ആകർഷകമാക്കുന്നത്. സക്യുലന്റ് ചെടികളിൽ പലതിന്റേയും പരിപാലനവും താരതമ്യേന എളുപ്പമാണ്. അത്തരത്തിലൊന്നാണ് ലെമൺ കോറൽ സീഡം. പത്തുമണി ചെടികളോട് സാമ്യമുള്ള ഇലച്ചാർത്തുകളുള്ള സസ്യമാണിത്.
യൂറോപ്പിലെ കുന്നുകളിൽ ഉൽഭവിച്ച ലെമൺ കോറൽ സീഡം പാറകൾ നിറഞ്ഞ പ്രദേശങ്ങളിലും വരണ്ട മണ്ണിലുമെല്ലാം വളരാൻ യോജിച്ചതാണ്. മറ്റ് സക്യുലന്റുകളെപോലെ തന്നെ വെള്ളം ശേഖരിച്ചു വയ്ക്കാൻ കഴിവുള്ള മാംസളമായ ഇലകളാണ് ലെമൺ കോറൽ സീഡം എന്ന സസ്യത്തിനുമുള്ളത്. അതുകൊണ്ട് തന്നെ കടുത്ത വരൾച്ചയും ചൂടും തരണംചെയ്യാൻ ഇവയ്ക്കാകും.
മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ചെറിയ കൂർത്ത ഇലച്ചാർത്തുള്ള സസ്യമാണ് ലെമൺ കോറൽ സീഡം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നട്ടാൽ കൂടുതൽ മഞ്ഞ നിറം ലഭിക്കും. അല്പം തണൽ ലഭിക്കുന്ന ഇടങ്ങളിലാണെങ്കിൽ ചെറിയ മഞ്ഞനിറം മാത്രമേ കാണാനാവുകയുള്ളൂ. പത്തുമണി വളർത്തുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ തണ്ട് ഓടിച്ചുനട്ട് സീഡം വളർത്താം. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് വളർത്താൻ ഉത്തമം. കമ്പോസ്റ്റ്, മണൽ, മണ്ണ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത് നിറച്ച ചട്ടിയിൽ നടുന്നതാണ് നല്ലത്. മണ്ണിൽ കളിമണ്ണിന്റെ അംശം കൂടുതലാണെങ്കിൽ കൂടുതൽ മണലോ കമ്പോസ്റ്റോ ചേർത്തുകൊടുക്കാം. മണൽ ലഭ്യമല്ലെങ്കിൽ പകരമായി ചകിരിച്ചോറ് ഉപയോഗിക്കാം. കമ്പോസ്റ്റിനുപകരം അഴുകി പൊടിഞ്ഞ ചാണകം ചേർക്കുന്നതും നല്ലതാണ്. ചെടി വളരെ വേഗത്തിൽ വളർന്നു നിറയും.
പുളിപ്പിച്ച പിണ്ണാക്ക് നേർപ്പിച്ച് തളിക്കുന്നത് ചെടിയുടെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. ജലസേചനം ആവശ്യത്തിനു മാത്രം നൽകിയാൽ മതിയാകും. ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടി അഴുകി പോകാൻ ഇടയാക്കും.ഗ്രൗണ്ട് കവറായും ഹാങ്ങിങ്പോ ട്ടുകളിലും ഇവ വളർത്താം.
Discussion about this post