പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ അടിസ്ഥാനപരമായി എന്തൊക്കെ വേണം.. വളക്കൂറുള്ള മണ്ണ് ആവശ്യത്തിന് ജലസേചനം വളങ്ങളുടെ ലഭ്യത അങ്ങനെ ഒട്ടനവധി ഘടകങ്ങൾ അനുയോജ്യമായി ലഭ്യമാകുമ്പോഴാണ് പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിക്കുന്നത്. എന്നാൽ ലക്ഷദ്വീപ് അഗതി ദ്വീപിലെ വനിതാ കൂട്ടായ്മയുടെ കൃഷി കണ്ടാൽ നമ്മൾ ഒന്ന് അതിശയിക്കും. പച്ചക്കറി കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന പല പ്രതിസന്ധികളെയും തരണം ചെയ്താണ് ഇവിടത്തെ കൃഷി.
പോഷകാംശം കുറവുള്ള മണ്ണിൽ തീർത്തും ജൈവ രീതിയിൽ കൃഷി ചെയ്താണ് ഇവിടത്തെ വനിതാ കൂട്ടായ്മ പച്ചക്കറി വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ കുടുംബശ്രീ മാതൃകയിൽ ദീപ ശ്രീ കൂട്ടായ്മയിലെ 23 അംഗങ്ങളോളം ചേർന്നാണ് ഈ ദ്വീപിൽ കൃഷി ചെയ്യുന്നത്. കേരളത്തിൽ നിന്ന് പച്ചക്കറിയുമായി വരുന്ന കപ്പലുകളെ ആശ്രയിച്ചാണ് ഇവർ ജീവിച്ചിരുന്നത്. ഇതിനൊരു മാറ്റം വേണമെന്ന് തിരിച്ചറിവിൽ നിന്നാണ് സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാം എന്നൊരു ആശയം ഇവർക്ക് ലഭിക്കുന്നത്.
അങ്ങനെ ഒരു വർഷം മുൻപാണ് കൃഷിയിലേക്ക് ഇവർ ഇറങ്ങുന്നത്. പരിസരപ്രദേശങ്ങളിൽ നിന്ന് ലഭ്യമാകുന്ന ചാണകവും കോഴിക്കാഷ്ഠവും ആട്ടിൻ കാഷ്ടവും ഉപയോഗപ്പെടുത്തിയാണ് കൃഷി കൊണ്ടുപോകുന്നത്. ഇന്ന് വീട്ടാവശ്യത്തിനുള്ളത് എല്ലാം ഈ അംഗങ്ങൾ ഇവിടുന്ന് കൃഷി ചെയ്ത് എടുക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്തു കൃഷി ചെയ്ത ഈ വനിതാ കൂട്ടായ്മ ഒരു മാതൃകയാണ്.
Discussion about this post