മാതൃസസ്യത്തിന്റെ അതേ ഗുണനിലവാരമുള്ള തൈകൾ ഉൽപ്പാദിപ്പിക്കാൻ കായിക പ്രവർദ്ധനമാണ് നല്ലത്. ഇതിൽ ലെയറിംഗ് രീതി ഏറെ പ്രശസ്തമാണ്. മാതൃസസ്യത്തിൽ നിൽക്കുന്ന ശിഖരത്തിൽ തന്നെ വേര് മുളപ്പിക്കുന്ന രീതിയാണ് ലെയറിങ്. വേര് മുളച്ച ശിഖരങ്ങൾ മുറിച്ചു മാറ്റി പുതിയ ചെടികളായി വളർത്താൻ സാധിക്കും. വേര് വളരുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയാണ് എയർ ലയറിങ് നടത്തുന്നത്. തണ്ടിൽ മുറിവ് ഉണ്ടാക്കുക, സൂര്യപ്രകാശത്തെ തടയുക, ഈർപ്പം നൽകുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളാണ് വേര് വളരുന്നതിന് ആവശ്യമായത്. ലയറിങ് പ്രധാനമായും മൂന്നു തരത്തിലുണ്ട്. ലഘു ലെയറിങ്, സങ്കര ലെയറിങ്, എയർ ലെയറിംഗ്. എന്നിവയാണവ.
ലഘു ലയറിങ്
ചെടിയുടെ താഴ്ഭാഗത്ത് കാണുന്ന ഒരു വർഷം പ്രായമായ രോഗകീടബാധ ഏൽക്കാത്ത ആരോഗ്യമുള്ള ശിഖരമാണ് ലഘു ലയറിങ്ങിനായി തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുത്ത ശിഖരത്തിലെ അഗ്രഭാഗത്തെ ഇലകൾ ഒഴികെയുള്ളവ നീക്കം ചെയ്യണം. ശിഖരം വളച്ച് മണ്ണിൽ മുട്ടുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. മണ്ണിൽ മുട്ടുന്ന ഭാഗത്ത് രണ്ട് മുതൽ മൂന്ന് സെന്റീമീറ്റർ വരെ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കണം. ശേഷം ശിഖരം വളച്ച് മണ്ണിൽ കുഴിച്ചു വച്ച് മുകളിൽ മണ്ണിട്ട് മൂടുക. ശാഖകൾ വീണ്ടുമുയർന്നു മുകളിലേക്ക് പോകുന്നത് തടയാൻ ഭാരമുള്ള എന്തെങ്കിലും മുകളിൽ കയറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. ദിവസേന നനച്ചു കൊടുക്കുകയും വേണം ഒന്നരമാസത്തിനുള്ളിൽ വേര് പിടിക്കാനും മുകുളങ്ങൾ ഉണ്ടാകാനും തുടങ്ങും. 2 മാസം കഴിയുമ്പോൾ വേരുപിടിപ്പിച്ച ശിഖരം മാതൃസസ്യത്തിൽ നിന്നും വേർപെടുത്തി ഒരു പുതിയ ചെടിയായി മാറ്റി നടാം.
സങ്കര ലയറിങ്
ലഘു ലെയറിങ് രീതി തന്നെയാണ് സങ്കര ലെയറിങിലുമുള്ളത്. എന്നാൽ ലഘുലയറിങ്ങിൽ ഒരു ശിഖരത്തിൽ നിന്നും ഒരു തൈ മാത്രം ഉൽപാദിപ്പിക്കുമ്പോൾ സങ്കര ലയറിങ്ങിൽ ഒരു ശിഖരത്തിൽ നിന്നും അനേകം തൈകൾ ഉത്പാദിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. മുല്ല, ബൊഗൈൻവില്ല അഥവാ കടലാസ് ചെടി, മുന്തിരി എന്നിങ്ങനെയുള്ള സസ്യങ്ങളിലാണ് സങ്കര ലയറിങ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനായി ധാരാളം മുട്ടുകളുള്ള നീളമുള്ള ശാഖ തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ചെടിയുടെ താഴ്ഭാഗത്ത് നിന്നാണ് ശിഖരങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഒരു വർഷം പ്രായമായ, ചില്ലകൾ ഇല്ലാത്ത, രോഗകീടബാധയേൽക്കാത്ത ആരോഗ്യമുള്ള ശിഖരങ്ങൾ വേണം. ഇത്തരം ശിഖരങ്ങളുടെ മുട്ടുകളുടെ ഇടയിൽ നിന്നും രണ്ടര മുതൽ നാല് സെന്റ് മീറ്റർ വീതിയിൽ വട്ടത്തിൽ മുറിവുണ്ടാക്കി പുറംതൊലി മാത്രം അടർത്തി മാറ്റുക. ഒരു ശാഖയിൽ തന്നെ മൂന്ന് നാല് ഇടങ്ങളിൽ തൊലി നീക്കം ചെയ്യാം. ഇങ്ങനെ മുറിവുണ്ടാക്കി മണ്ണിട്ട് മൂടിയ സ്ഥലങ്ങളിൽ വേരുപിടിച്ച് ഇലകൾ വിരിയുമ്പോൾ മാതൃസസ്യത്തിൽ നിന്നും മാറ്റി നടാം. കുരുമുളകിലെ നാഗപതിവയ്ക്കൽ ഒരു സങ്കര ലയറിംഗ് രീതിയാണ്.
കുരുമുളകിലെ നാഗപതിവെക്കൽ
വളരെ വേഗത്തിൽ അനേകം ഗുണനിലവാരമുള്ള കുരുമുളക് തൈകൾ ഉൽപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് നാഗ പതിവെക്കൽ.
കുരുമുളകിന്റെ പ്രധാന തണ്ടിൽ നിന്നും അരമീറ്റർ ഉയരത്തിൽ ലംബമായി പൊട്ടിമുളച്ചു വളരുന്ന തണ്ടുകളാണ് ചെന്തലകൾ. ഇവയിൽ നിന്ന് വേഗത്തിൽ വേര് വരും. കുരുമുളകിന്റെ പ്രധാന നടീൽ വസ്തുവും ചെന്തലകളാണ്.
മാതൃ സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
അഞ്ചു മുതൽ 12 വർഷം വരെ പ്രായമുള്ള മാതൃ സസ്യങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരുപാട് പാർശ്വ ശാഖകൾ ഉള്ളതും നീളത്തിലുള്ള തിരികളുള്ളതും, തിരികളിൽ നല്ല മുഴുപ്പുള്ള മണികൾ ഉള്ളതുമായ മാതൃ സസ്യങ്ങളാണ് നല്ലത് . നല്ലയിനം തൈകളുല്പാദിപ്പിക്കാൻ പറ്റിയ കുരുമുളകിനമാണ് പന്നിയൂർ 1.
ഫെബ്രുവരി പകുതിയോടെയാണ് നഴ്സറി തയ്യാറാക്കേണ്ടത്.ചെന്തലകളിൽ നിന്നും ഇലകൾ തണ്ടിന് കേടുവരാതെ നീക്കംചെയ്യാൻ ശ്രദ്ധിക്കണം. മൂപ്പു കുറഞ്ഞ അഗ്രഭാഗവും മൂപ്പ് കൂടിയ കട ഭാഗവും മുറിച്ചു മാറ്റണം. ശേഷം രണ്ട് മുട്ടുകൾ ഉള്ള തണ്ടുകളായി ചെന്തലകളെ മുറിച്ചെടുക്കാം. കട വശം ചരിച്ചു മുറിക്കാൻ മറക്കരുത്. ഇതോടെ നടീൽവസ്തു തയ്യാർ.
നടീൽ മിശ്രിതം തയ്യാറാക്കലാണ് അടുത്തഘട്ടം. മേൽമണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. ഇത് സുഷിരങ്ങൾ ഉള്ള ചെറിയ പോളിത്തീൻ കവറുകളിൽ നിറയ്ക്കാം. രണ്ടു മുതൽ നാലു തണ്ടുകൾ വരെ ഒരു പോളിത്തീൻ കവറിൽ നട്ടുപിടിപ്പിക്കാവുന്നതാണ്. കവറുകൾ 50% തണൽ ലഭിക്കുന്നിടത്ത് സൂക്ഷിക്കുകയും ദിവസവും നനയ്ക്കുകയും വേണം. മൂന്നു മാസം പ്രായമാകുമ്പോൾ തൈകൾ തോട്ടത്തിൽ നടാൻ പരുവമാകും .
നാഗ പതിവെക്കൽ
കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാനായി ഈ വേര് വന്ന തണ്ടുകൾ ഉപയോഗിക്കാവുന്നതാണ്. നാഗ പതിവെക്കൽ അഥവാ സെർപെന്റയിൻ ലയറിങ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. തൈകൾ മൂന്ന് മുതൽ നാല് മുട്ടുവരെ വലിപ്പമാകുമ്പോൾ ചരിച്ചു വളർത്തണം. ചെടിയിലെ ഓരോ മുട്ടും നടീൽ മിശ്രിതം നിറച്ച ഓരോ പോളിത്തീൻ ബാഗിലേക്ക് പതിച്ചു വയ്ക്കണം. ഇവ സ്ഥാനത്തുതന്നെ നിൽക്കാനായി വളച്ച ഈർക്കിൽ ഉപയോഗിച്ച് പതി വെക്കാം. ഒരു മാസം കഴിയുമ്പോൾ മുട്ടുകളിൽ നിന്ന് വേര് വന്നുതുടങ്ങും. വേര് വന്ന വള്ളികളെ ഒരു ബ്ലേഡ് ഉപയോഗിച്ച് മുട്ടിന് രണ്ടുവശവും മുറിച്ച് ഓരോ മുട്ടുകൾ ഉള്ള തൈകളായി വേർതിരിക്കാം.
രണ്ടാഴ്ച കഴിയുമ്പോൾ ഓരോ തൈകളിലും മുള വന്നുതുടങ്ങും. ഏകദേശം രണ്ടു മാസം പ്രായമെത്തുമ്പോൾ തൈകളിൽ നാലിലയോളം ഉണ്ടാകും. തണ്ട് ഇളം പച്ച നിറത്തിൽ നിന്ന് കടുത്ത പച്ച നിറത്തിലേക്ക് മാറും. ഈ സമയത്ത് തൈകളെ തോട്ടത്തിൽ നടാനായി ഉപയോഗിക്കാം. ഈ രീതിയിൽ ഒരു മാതൃസസ്യത്തിൽ നിന്നും 60 തൈകൾ വരെ ഉത്പാദിപ്പിക്കാവുന്നതാണ്.
എയർ ലെയറിങ്
പേര, മാതളം, ലിച്ചി എന്നിങ്ങനെയുള്ള ഫലവൃക്ഷത്തൈകൾ ഉൽപാദിപ്പിക്കുന്നതിന് ഏർ ലയറിംഗ് രീതി വ്യാപകമായി ഉപയോഗിച്ചു വരുന്നു. മഴക്കാലത്താണ് എയർ ലെയറിങ് ചെയ്യേണ്ടത്.
ഇടത്തരം വണ്ണവും നല്ല ആരോഗ്യവുമുള്ള പാകമായ കമ്പുകൾ തിരഞ്ഞെടുക്കാം. ഒരു പെൻസിലിന്റെയത്ര വണ്ണം ഉണ്ടാവണം. അഗ്രഭാഗത്തെ ഇലകൾ ഒഴികെ ബാക്കിയുള്ളവർ നീക്കം ചെയ്യാം.ശേഷം നോഡുകൾക്കിടയിൽനിന്ന് ഒരിഞ്ചു നീളത്തിൽ ചുറ്റിനുമുള്ള തോല് നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ ഉള്ളിലെ തടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മണ്ണും മണലും കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് പോട്ടിങ് മിക്സ്‌ച്ചർ തയ്യാറാക്കാം. ഇത് ഒരു പോളിത്തീൻ ഷീറ്റിൽ എടുത്തശേഷം തോൽ നീക്കിയ ഭാഗത്ത് മിഠായിപൊതിയുന്നതുപോലെ പൊതിഞ്ഞു വയ്ക്കാം. ഇരുവശങ്ങളിലും ചണം കൊണ്ട് കെട്ടി മുറുക്കണം. ഒരു മാസം കഴിയുമ്പോൾ ലയർ ചെയ്ത ഭാഗത്ത് വേര് വന്നു തുടങ്ങും. ഈ സമയത്ത് ലെയറിനു താഴെ വി ആകൃതിയിൽ മുറിവ് ഉണ്ടാക്കാം. നല്ല രീതിയിൽ വേരുകൾ വളർന്നു എന്ന് ഉറപ്പു വരുത്തിയാൽ ലെയർ ചെയ്ത ഭാഗം ചെടിയിൽ നിന്നും വേർപെടുത്താം. രണ്ടു മൂന്നു മാസത്തിനുള്ളിൽ തൈകൾ വേർപ്പെടുത്താനാകും.ഉടൻതന്നെ കവറുകളിൽ മാറ്റി നടണം. പുതിയ ഇലകൾ വരുന്നതുവരെ തണലത്തു വളർത്താം. മണ്ണിൽ നടുന്നതിന് മുൻപ് കുറച്ചുദിവസം വെയില് കൊള്ളിക്കാൻ ശ്രദ്ധിക്കണം
Discussion about this post