കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർക്കു കാർഷിക വിജ്ഞാനം കാതുകളിൽ എത്തിക്കാൻ ഉണർത്തുപാട്ടുമായി കുട്ടനാട് എഫ് എം 90. 0 ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ സംവിധാനത്തിൽ രാജ്യത്തുതന്നെ ആദ്യമായി ഒരു വകുപ്പിനു കീഴിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ കേരളത്തിലാണ്. സംസ്ഥാന കൃഷി വകുപ്പിൻ്റെ കീഴിൽ ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ നിർവ്വഹണത്തിലാണ് റേഡിയോ നിലയം പ്രവർത്തിക്കുക. ആലപ്പുഴ ജില്ലയിലെ കളർകോടാണ് സ്റ്റേഷൻ സ്ഥാപിതമായിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 1. 30ന് കമ്മ്യൂണിറ്റി റേഡിയോയ്ക്ക് ശബ്ദം നൽകിക്കൊണ്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിലയം ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ.വാസുകി ഐ.എ.എസ്. “കണ്ണേ കലൈമാനേ “എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കലാപരിപാടികൾക്ക് തുടക്കമിട്ടത്.
കൃഷി അറിവുകൾ, കാലാവസ്ഥ, കീട രോഗ നിയന്ത്രണ മാർഗങ്ങൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവ കുട്ടനാടൻ കർഷകർക്ക് നിരന്തരം കുട്ടനാട് കമ്മ്യൂണിറ്റി റേഡിയോയിലൂടെ ലഭ്യമാകും. ഒപ്പം നാടൻപാട്ടുകളും മറ്റു കലാപരിപാടികളുമുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ദിവസവും രണ്ട് മണിക്കൂറായിരിക്കും സംപ്രേക്ഷണം. ഘട്ടംഘട്ടമായി സമയം വർദ്ധിപ്പിക്കും. രാവിലെ 7 മുതൽ 9 മണി വരെയാണ് ആദ്യഘട്ടത്തിൽ സംപ്രേക്ഷണം.ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ഈ എഫ് എം സ്റ്റേഷൻ എന്ന് മന്ത്രി വ്യക്തമാക്കി.
കമ്മ്യൂണിറ്റി റേഡിയോയുടെ ശീർഷകഗാനം തയ്യാറാക്കിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററാണ്. ശ്രീ. ഒ.എൻ.വി. കുറുപ്പിന്റെ “ആവണിപ്പാടം” എന്ന കവിതയും മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാറിന്റെ അരിശ്രീ എന്ന ഗാനവും, തൃശൂർ നാട്ടറിവുപഠന കേന്ദ്രത്തിലെ ഡോ. സി. ആർ. രാജഗോപാലൻ മാഷിന്റെ നാട്ടറിവ് പ്രഭാഷണവും മറ്റു കൃഷി അറിവുകളും അടങ്ങിയതായിരുന്നു ആദ്യദിന സംപ്രേഷണ പരിപാടികൾ. കൃഷി- മൃഗസംരക്ഷണ- ക്ഷീരവികസന- മത്സ്യബന്ധനം മേഖലയിലെ വിവിധ പരിപാടികളാണ് വരുംദിനങ്ങളിൽ സംപ്രേഷണം ഉണ്ടാകുക.
Discussion about this post