കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്. ഒന്നരയേക്കർ സ്ഥലത്താണ് ഇവരുടെ കുറുന്തോട്ടി കൃഷി.
വിജയലക്ഷ്മി, പ്രിൻസി, ജയശ്രീ, മിനി, പ്രേമ എന്നിവരടങ്ങിയ സംഘം കുടുംബശ്രീയിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പാണ്. നഷ്ടം വരാത്തതും വിപണി ഉറപ്പിക്കാൻ കഴിയുന്നതുമായ കൃഷി എന്ന രീതിയിലാണ് ഇവർ കുറുന്തോട്ടി കൃഷി ആരംഭിച്ചത്. നിലം തയ്യാറാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം ലഭിച്ചു. വിത്തുപാകി 20 ദിവസത്തിനുള്ളിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും അടിവളം ചേർത്ത് പറിച്ചുനട്ടു. അങ്ങനെ ഒന്നരയേക്കർ തരിശു നിലത്തിൽ കുറുംതോട്ടി വളർന്ന് പച്ച വിരിച്ചു. ജനുവരി മാസത്തോടെ വിളവെടുപ്പിനു പാകമാകും.
സംസ്കൃതത്തിൽ ബല എന്നറിയപ്പെടുന്ന കുറുന്തോട്ടി വാതരോഗത്തിനും മറ്റനേകം ആരോഗ്യപ്രശ്നങ്ങൾക്കും മരുന്നാണ്. ഒരു കിലോ കുറുന്തോട്ടി 75 രൂപയ്ക്ക് ശേഖരിക്കാനാണ് കരാർ. രണ്ടര ടൺ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. ഏഴു മാസം കൊണ്ട് കുറുന്തോട്ടി വിളവെടുക്കാനാകും. രോഗങ്ങളും കീടങ്ങളും വളരെക്കുറഞ്ഞ കുറുന്തോട്ടിയുടെ പരിപാലനവും മറ്റ് വിളകളെ അപേക്ഷിച്ച് എളുപ്പമാണ്. ഒപ്പം കൃഷിക്കുള്ള ധനസഹായവും യഥാസമയത്ത് ശാസ്ത്രീയമായ കൃഷിരീതികളെകുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഉപദേശങ്ങൾ ലഭിച്ചതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.അതുകൊണ്ടുതന്നെ കൃഷി തീർത്തും ലാഭകരമാണെന്ന് കർഷകയായ വിജയലക്ഷ്മി പറയുന്നു.
Discussion about this post