ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ കൃഷിചെയ്യാൻ അനുയോജ്യമായ വിളയാണ് കൂർക്ക. ഈ മാസങ്ങളിൽ കൂർക്കയുടെ തലപ്പുകൾ അഥവാ വള്ളികൾ നട്ടാണ് കൃഷി ആരംഭിക്കേണ്ടത്. നല്ല നീർവാർച്ചയുള്ള മണ്ണാണ് കൂർക്ക കൃഷിക്ക് അനുയോജ്യം. തവാരണകളിൽ 30 സെൻറീമീറ്റർ അകലത്തിൽ വാരങ്ങൾ എടുത്ത് 15 സെൻറീമീറ്റർ അകലത്തിൽ കിഴങ്ങു നടാം. ചെടി വളർന്ന് ഏകദേശം മൂന്നാഴ്ച കഴിഞ്ഞാൽ 10 മുതൽ 15 സെൻറീമീറ്റർ നീളമുള്ള തലപ്പുകൾ നുള്ളി എടുക്കാവുന്നതാണ്. കൂടുതൽ തലപ്പുകൾ ഉണ്ടാകുവാൻ കിഴങ്ങ് മുളച്ചു 8 മുതൽ 10 ദിവസം പ്രായമാകുമ്പോൾ കടല പിണ്ണാക്ക് ലായനിയോ ചാണകവെള്ളമോ തളിച്ചു കൊടുത്താൽ മതി. തവാരണയിൽ 125 മുതൽ 150 കിലോഗ്രാം കാലിവളം അടിവളമായി ചേർക്കണം.
കൂർക്ക കൃഷി പരിപാലനം
പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുമ്പോൾ 30 സെൻറീമീറ്റർ അകലത്തിൽ ചെറിയ വരമ്പുകളോ 60-90 ചതുരശ്ര സെൻറീമീറ്റർ വീതിയുള്ള തടങ്ങളോ തയ്യാറാകണം. വരമ്പുകളിൽ 30 സെൻറീമീറ്റർ അകലത്തിലും ഉയർന്ന ബഡ്ഡുകളിൽ 30 സെന്റിമീറ്റർ അകലത്തിലും തവാരണകളിൽ നിന്ന് ശേഖരിച്ച തലപ്പുകൾ ഇടാം. ഒരു സെൻറ് സ്ഥലത്ത് 40 കിലോഗ്രാം കാലിവളം നൽകാം. ഇതോടൊപ്പം ഒരു സെന്റിന് 250 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 350 ഗ്രാം പൊട്ടാഷ് തുടങ്ങിയവയും അടിവളമായി ചേർക്കാവുന്നതാണ്. തലപ്പുകൾ നട്ട് ഒന്നര മാസം കഴിയുമ്പോൾ 250 ഗ്രാം യൂറിയയും 150 ഗ്രാം പൊട്ടാഷും വിതറി മണ്ണ് കൂട്ടണം.
ഏകദേശം 5 മാസം പ്രായമാകുമ്പോൾ വിളവെടുപ്പ് നടത്താവുന്നതാണ്. ഈ സമയങ്ങളിൽ ഇലകൾ മഞ്ഞളിച്ച് തുടങ്ങും.ചെറിയ രീതിയിലുള്ള കീടരോഗ സാധ്യതകൾ കൂർക്ക കൃഷിയിൽ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ഇലകളിൽ പുള്ളികളും പാടുകളും ഉണ്ടായി ഇലകൾ കരിഞ്ഞു പോകുന്ന രോഗാവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ചു കൊടുത്താൽ മതി.
Discussion about this post