വെരുകിന്റെ വിസർജ്യത്തിൽനിന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയുടെ പേരാണ് കോപ്പി ലുവാക്. ഒരുകിലോ വൈൽഡ് കോപ്പി ലുവാക്കിന് 25000 രൂപയോളം വിലയുണ്ട്. എന്നാൽ ഇത് ഉല്പാദിപ്പിക്കപ്പെടുന്ന രീതി ഏറെ കൗതുകമുണർത്തുന്നതാണ്. വെരുക് തിന്ന് ദഹിക്കാതെ വിസർജിക്കുന്ന കാപ്പിക്കുരു പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്.
ദ്വീപസമൂഹമായ സുമാത്ര, ജാവ, സുലവെസി, ബാലി എന്നിവിടങ്ങളിലും ഫിലിപ്പൈൻസിലുമൊ ക്കെ ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ കൂർഗിലും കോപ്പി ലുവാക് നിർമ്മിക്കുന്നുണ്ട്.
വെരുക് അഥവാ സിവെറ്റ് ക്യാറ്റ് എന്ന ഏഷ്യൻ പാം സിവെറ്റ്, കോഫി ചെറികൾ ഭക്ഷണമാക്കും. ഇവയുടെ ദഹനേന്ദ്രിയത്തിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി കാപ്പിക്കുരുക്കൾ പുളിക്കുകയും പിന്നീട് വിസർജ്യത്തിലൂടെ പുറത്തുവരികയും ചെയ്യും. ഇത് ശേഖരിച്ചാണ് കോപ്പി ലുവാക് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് സിവെറ്റ് കോഫി എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
വെരുകുകൾ പ്രത്യേകരീതിയിൽ തിരഞ്ഞെടുത്ത കോഫി ചെറികൾ മാത്രം കഴിക്കുകയും അവ ദഹനേന്ദ്രിയത്തിൽ വച്ച് രാസ പ്രക്രിയയിലൂടെ മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നതുകൊണ്ടാണത്രേ കോപ്പി ലുവാക്കിന് ഇത്രയധികം പ്രത്യേകതയുള്ളത്. പണ്ട് ഇത്തരം വിസർജ്യങ്ങൾ കാട്ടിൽനിന്ന് ശേഖരിക്കുകയായിരുന്നുവെങ്കിലും ഇപ്പോൾ സിവെറ്റ് കാറ്റുകളെ കൂടുകളിൽ വളർത്തി അവയ്ക്ക് കോഫി ചെറികൾ കഴിക്കാൻ നൽകി കോപ്പി ലുവാക്ക് ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ വന്യമൃഗങ്ങളെ കാട്ടിൽ നിന്ന് പിടികൂടി കൂടുകളിലാക്കി ആവശ്യമായ ഭക്ഷണം നൽകാതിരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ നിർമ്മിക്കുന്ന കോപ്പി ലുവാക്കിനേക്കാൾ വില കാടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കുന്നവയ്ക്കാണ്.
ഇതിനിടയിൽ വെരുകുകളുടെ ശരീരത്തിൽ നടക്കുന്ന ദഹന പ്രക്രിയ കൃത്രിമമായി അനുകരിച്ച് നിർമ്മിക്കുന്ന ഇമിറ്റേഷൻ കോപ്പി ലുവാക്കും വിപണിയിലെത്തിയിട്ടുണ്ട്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ കോപ്പി ലുവാക് മറ്റു കോഫികളെക്കാൾ കേമമൊന്നുമല്ല എന്ന് അഭിപ്രായമുണ്ട്. ഇത് ഉൽപ്പാദിപ്പിക്കപ്പെടുന്ന രീതിയുടെ പ്രത്യേകതയാണ് സിവെറ്റ് കോഫിക്ക് ഇത്രയും വില വരാൻ കാരണം. കാടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും ഇവ കണ്ടെത്തി ശേഖരിച്ച് കൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമാണ്. ഒപ്പം ഇവയുടെ ലഭ്യതയും വളരെ കുറവാണ്. ഈ പ്രത്യേകതകളാണ് കോഫി ലുവാക്കിനെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഫിയാക്കുന്നത്
Discussion about this post