ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി ബജറ്റിൽ 75,060 കോടി വകയിരുത്തി.കൂടാതെ 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പരുത്തി കർഷകർക്കായി 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്. കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തെത്തുടർന്നാണ് ധനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരിക്കുന്നത്.
കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷം പരിഹസിച്ചു. യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കമുള്ളവയ്ക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം അറിയിച്ചത്. രണ്ടു മാസത്തിലേറെയായി രാജ്യതലസ്ഥാന അതിർത്തിയിൽ ലക്ഷക്കണക്കിനു കർഷകർ ശക്തമായ സമരം തുടരുന്നതിനിടെയാണ്, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. വിവാദ നിയമങ്ങളെക്കുറിച്ചു പരാമർശിക്കാതെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചത്. കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും കൂടുതൽ പണമെത്തിച്ചതായും മന്ത്രി അവകാശപ്പെട്ടു.
2013–14 വർഷം ഗോതമ്പിന്റെ പണമായി കർഷകർക്കു നൽകിയത് 33,874 കോടി രൂപയായിരുന്നു. 2019–20 ആയപ്പോൾ ഇത് 62,802 കോടി രൂപയായി വർധിച്ചു. താങ്ങുവില നൽകി സർക്കാർ സംഭരിക്കുന്നതിനാൽ 43.36 ലക്ഷം രൂപയാണ് ഗോതമ്പ് കർഷകർക്കു നേട്ടമുണ്ടായത്. നേരത്തെ 35.57 ലക്ഷം കർഷകർക്കായിരുന്നു ഗുണം കിട്ടിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ താങ്ങുവിലയായി മാത്രം 75,100 കോടി രൂപ കർഷകർക്കു കൈമാറി. വിളകളുടെ സംഭരണം ക്രമാനുഗതമായി കൂടിയിട്ടുമുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിൽ 16.5 ലക്ഷം കോടി രൂപ എത്തിക്കുകയായെന്നതാണ് ലക്ഷ്യമെന്നും. എപിഎംസികൾക്ക് (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) അടിസ്ഥാന സൗകര്യ വികസനത്തിനു പണം അനുവദിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
Discussion about this post