പൊതുമേഖലാ സ്ഥാപനമായ കെൽപാം പുറത്തിറക്കുന്ന ആറുതരം കോളകളുടെ വിപണനോദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നടി മഞ്ജുവാര്യർക്ക് നൽകി നിർവഹിച്ചു. 250 മില്ലിലിറ്റർ ബോട്ടിലിന് 18 രൂപയാണ് വില. തിരുവനന്തപുരത്തെ പെറ്റ്‌ബോട്ടിൽ യൂണിറ്റിൽ നിന്നുള്ള ഓറഞ്ച്, ജീരകം, പാം, ജിഞ്ചർ, ലെമൺ, ഗുവ എന്നീ രുചികളിലുള്ള കോളകളാണ് പുറത്തിറക്കിയത്.
പനയിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ മൂല്യവർധന ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കെൽപാമിന് തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉത്പാദന യൂണിറ്റുകളാണുള്ളത്. ഇവിടങ്ങളിൽ ആധുനികവത്കരണത്തിനും വൈവിധ്യവത്കരണത്തിനും നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് നിലവിലുള്ള സെമി ഓട്ടോമാറ്റിക് പെറ്റ്‌ബോട്ടിൽ യൂണിറ്റ് ഫുള്ളി ഓട്ടോമാറ്റിക്കാക്കാനുള്ള നടപടികളിലാണ്.
കെൽപാം ഉത്പന്നങ്ങൾക്ക് സീസൺ അനുസരിച്ച് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സംസ്‌കരിച്ച് ശീതികരിച്ച് സൂക്ഷിക്കാൻ കോമൺ ഫെസിലിറ്റി സർവീസ് സെൻറർ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഉത്പന്ന ഗുണമേൻമ ഉറപ്പാക്കാൻ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാക്കി. ഈ രണ്ടു പദ്ധതികൾക്കായി ഒരു കോടി രൂപ സർക്കാർ നൽകി.
കെൽപാം ഉത്പന്നങ്ങൾക്ക് ബാർകോഡ്, ട്രേഡ്മാർക്ക്, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, എഫ്.എസ്.എസ്.എ.ഐ എന്നീ അംഗീകാരങ്ങൾ ലഭിച്ചു. പനംപഴത്തിൽ നിന്നും നൊങ്കിൽ നിന്നും ഉത്പാദിപ്പിക്കുന്ന സ്‌ക്വാഷിനും ജാമിനും കെൽപാമിന് പേറ്റൻറ് ലഭിച്ചിട്ടുണ്ട്. പനം സർബത്ത്, പനം കൽക്കണ്ടം, പനം കരുപ്പട്ടി, പനം കിഴങ്ങും തേനും ചേർന്ന് കുട്ടികൾക്കുള്ള പോഷകാഹാരം എന്നിവ ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.
Discussion about this post