കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്നു മതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം സംഘടിപ്പിതോടെ ലഭിച്ച സ്വീകാര്യതയാണ് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയത്. ജില്ലാ കളക്ടര്‍.ഡോ ഡി സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യ പ്രകാരം മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ്ജ് മത്തായിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന തീവ്ര യജ്ഞ പരിപാടി സംഘടിപ്പിച്ചു. ഇതുവഴി ജില്ലയില്‍ കൃഷി മുഖ്യ ഉപജീവനമാക്കിയ മുഴുവന്‍ പേര്‍ക്കും വിളകള്‍ യഥാസമയം ഇന്‍ഷുര്‍ ചെയ്യാന്‍ കഴിഞ്ഞു. 2017-18 വര്‍ഷം 6286 പേരും 2018-19 വര്‍ഷം 5061 പേരും അംഗത്വം നേടിയ പദ്ധതിയില്‍ 2018-19 വര്‍ഷം നൂറു ശതമാനം ആളുകളും അംഗങ്ങളാവുകയായിരുന്നു.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നീ പ്രകൃതിക്ഷോഭത്തില്‍പെട്ട് ഏറെ ബുദ്ധിമുട്ടിലാക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ ആശ്വാസമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി.
പദ്ധതിയില്‍ ചേരുന്ന കര്‍ഷകര്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രീമിയം തുക അടക്കണം. പ്രീമിയം തുക അടച്ച ദിവസം മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. 1995 ലാണ് സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം പരിഷ്‌ക്കരിച്ച് കര്‍ഷകന്റെ നഷ്ടപരിഹാരത്തുക വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി ഉയര്‍ത്തിയത് സര്‍ക്കാരിന്റെ നേട്ടമാണ്.
വിള ഇന്‍ഷുറന്‍സിലെ അംഗത്വം
സ്വന്തമായോ, പാട്ടത്തിന് സ്ഥലം എടുത്തോ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗത്വത്തിന് അര്‍ഹതയുണ്ട്. നെല്‍കൃഷിക്ക് ഓരോ കര്‍ഷകനും പ്രത്യേകം വിള ഇന്‍ഷുര്‍ ചെയ്യണം. എന്നാല്‍ സംഘമായി കൃഷി ചെയ്യുന്ന പാടശേഖരങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് സെക്രട്ടറിയുടേയോ, പ്രസിഡന്റിന്റെയോ പേരില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലും വിള ഇന്‍ഷുറന്‍സില്‍ അംഗമാകാവുന്നതാണ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പാടശേഖരങ്ങളില്‍ ഒരാളുടെ പാടത്ത് മാത്രം നഷ്ടം സംഭവിച്ചാലും നഷ്ടപരിഹാരം ലഭിക്കും.
പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നത് വിവിധ കൃഷിഭവനുകള്‍ മുഖേനെയാണ്.ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രീമിയം തുക തിട്ടപ്പെടുത്തും. ഈ തുക പദ്ധതിക്കായി നിയോഗിച്ച ഏജന്റ് വഴിയോ നേരിട്ടോ സമീപത്തെ ഗ്രാമീണ ബാങ്ക് ശാഖയിലോ സഹകരണ ബാങ്കിലോ അടക്കാം.പദ്ധതി പരമാവധി കര്‍ഷകരിലേക്ക് എത്തിക്കാന്‍ കൃഷി ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതു മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഏജന്റിനെ നിയമിക്കും. കര്‍ഷകനോ, ഏജന്റോ പ്രീമിയം രസീത് അടച്ച് കൃഷി ഭവനില്‍ ഏല്‍പ്പിക്കണം. ഈ രസീതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകന് പോളിസി ലഭിക്കും.
വിള ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വിളകള്‍
2017 മുല്‍ പുനരാവിഷ്‌ക്കരിച്ചതു പ്രകാരം നഷ്ടപരിഹാരത്തുക 12 ഇരട്ടിവരെ ഉയര്‍ത്തിയിട്ടുണ്ട്. തെങ്ങ്, വാഴ്, റബ്ബര്‍, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞള്‍,കൊക്കൊ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (ചേന, മധുരക്കിഴങ്ങ്), കരിമ്പ്, പുകയില, നെല്ല്, മാവ്, ചെറു ധാന്യങ്ങള്‍ എന്നീ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ നെല്‍ കര്‍ഷകര്‍ക്കും പദ്ധതി ബാധകമാണ്. കീടബാധയില്‍ നെല്‍കൃഷിക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
നഷ്ട പരിഹാരത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
അത്യാഹിതം സംഭവിച്ച് 15 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ കൃഷി ഭവനില്‍ അപേക്ഷ നല്‍കാം. കൃഷഭവന്‍ ഉദ്യാഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതുവരെ നാശനഷ്ടം സംഭവിച്ച വിള അതേ പടി നിലനിര്‍ത്തേണ്ടതാണ്. കൃഷിഭവനില്‍ അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം ഉദ്യോഗസ്ഥന്മാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് നല്‍കും.
പ്രീമിയം, നഷ്ടപരിഹാര തോത്
പത്ത് തെങ്ങുകള്‍ ഉള്ള കര്‍ഷകന്‍ തെങ്ങ് ഒന്നിന് രണ്ടു രൂപ ക്രമത്തില്‍ ഒരു വര്‍ഷത്തേക്കും, അഞ്ച് രൂപ തോതില്‍ മൂന്ന് വര്‍ഷത്തേക്കും പ്രീമിയം അടച്ചാല്‍ തെങ്ങ് ഒന്നിന് 2000 രൂപ ക്രമത്തില്‍ നഷ്ടപരിഹാരം ലഭിക്കും. പത്ത് മരങ്ങള്‍ ഉള്ള കുരുമുളക് കര്‍ഷകന്‍ മരം ഒന്നിന് 1.50 രൂപ ഒരു വര്‍ഷത്തേക്കും മൂന്ന് രൂപ മൂന്ന് വര്‍ഷത്തേക്കും അടച്ചാല്‍ നഷ്ടപരിഹാര തുക മരം ഒന്നിന് 200 രൂപ വീതം ലഭിക്കും. 25 റബ്ബറുകളുള്ള കര്‍ഷകന്‍ ഒരു മരത്തിന് മുന്ന് രൂപവീതം ഒരു വര്‍ഷത്തേക്കും, 7.50 രൂപ വീതം മൂന്ന് വര്‍ഷത്തേക്കും അടച്ചാല്‍ മരം ഒന്നിന് ആയിരം രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതേ ക്രമത്തില്‍ വിവിധ വിളകള്‍ക്ക് പരിരക്ഷം ലഭിക്കും. ദീര്‍ഘ കാല വിളകള്‍ക്ക് കായ്ച്ച് വരുന്നത് വരെയുള്ള കാലയളവില്‍ പ്രത്യേക സംരക്ഷണവും ലഭിക്കും.
Discussion about this post