പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കസ്തൂരിമഞ്ഞൾ. ചർമത്തിലെ അണുക്കളെ നശിപ്പിച്ച് അണുബാധ തടയുന്നതിനും ചർമ്മ ആരോഗ്യം നിലനിർത്തുന്നതിനും കസ്തൂരി മഞ്ഞൾ ഉത്തമമാണ്. അരച്ചെടുത്ത കസ്തൂരിമഞ്ഞൾ പനിനീരുമായി ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയാൻ സഹായിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് പണ്ടുകാലം മുതൽക്കേ കസ്തൂരിമഞ്ഞൾ ഉപയോഗിച്ചിരുന്നു. പ്രസവശേഷമുള്ള സ്ത്രീകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. പനി, ചുമ, വിരശല്യം എന്നിവയ്ക്കെതിരെയുള്ള മരുന്നാണ് കസ്തൂരിമഞ്ഞൾ.
എന്നാൽ ഇന്ന് കടകളിൽനിന്ന് കസ്തൂരിമഞ്ഞൾ എന്ന പേരിൽ ലഭിക്കുന്ന പൊടികളിൽ പലതും മഞ്ഞക്കൂവയാണ് എന്നുള്ളതാണ് സത്യം. വാസ്തവത്തിൽ മഞ്ഞ നിറം നൽകുന്ന കുർക്കുമിൻ എന്ന പദാർത്ഥം ഏറ്റവും കുറഞ്ഞതോതിൽ അടങ്ങിയ മഞ്ഞളിനമാണ് കസ്തൂരിമഞ്ഞൾ. കുർകുമ ആരോമാറ്റിക്ക എന്നാണ് ശാസ്ത്രീയനാമം. സംസ്കൃതത്തിൽ ഇതിനെ അരണ്യഹരിദ്ര എന്ന് അറിയപ്പെടുന്നു. കിഴക്കൻ ഹിമാലയത്തിലും കേരളത്തിലും കർണാടകത്തിലുമാണ് ഈ സസ്യം സാധാരണയായി കണ്ടുവരുന്നത്. മഞ്ഞളിന്റെ ഉൾഭാഗം ക്രീം നിറത്തിലാണ് കാണപ്പെടുന്നത്. താരതമ്യേന വലിപ്പം കൂടിയതും 45 സെന്റീമീറ്റർ വരെ നീളമുള്ളതുമായ ഇലകളുടെ അടിഭാഗത്ത് മിനുസമുള്ള ചെറു രോമങ്ങളുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ സാധാരണയായി പുഷ്പിക്കാറില്ല.
നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കസ്തൂരിമഞ്ഞൾ മികച്ച വിളവ് നൽകുന്നത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാൻ ഉതകുന്ന വിളയാണിത്. ഭാഗികമായി തണൽ ഉള്ള ഇടങ്ങളിൽ കൂടുതൽ വിളവു നൽകുന്നു. നല്ല മഴ ലഭിക്കുന്ന മേഖലകളാണ് കൃഷി ചെയ്യാൻ അനുയോജ്യം. മെയ് – ജൂൺ മാസങ്ങളിൽ നാലോ അഞ്ചോ മഴ ലഭിച്ച ശേഷമാണ് കസ്തൂരിമഞ്ഞൾ നടേണ്ടത്. ചെടികൾക്കിടയിലും വരികൾക്കിടയിലും 25 സെന്റീമീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്തുകൾ 30 മിനിറ്റ് മുക്കിവച്ചശേഷം നടുന്നത് പലതരം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
എട്ടു മാസത്തിനുള്ളിൽ കസ്തൂരി മഞ്ഞൾ വിളവെടുപ്പിന് തയ്യാറാകും. ഇലകൾ കരിഞ്ഞു തുടങ്ങുമ്പോൾ വിളവെടുക്കാം.
കസ്തൂരി മഞ്ഞളിൽ നിന്നും പലതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് കസ്തൂരി മഞ്ഞൾ പൊടി. ചീകിയെടുത്ത് ഉണക്കിയ കസ്തൂരിമഞ്ഞൾ, പൊടിച്ച ശേഷം അരിച്ചെടുത്ത് പാക്കറ്റുകളിലാക്കുകയാണ് ചെയ്യുന്നത്. ആറു കിലോഗ്രാം മഞ്ഞളിൽ നിന്നും ഒരു കിലോഗ്രാം പൊടി നിർമ്മിക്കാവുന്നതാണ്. ഇതിനു പുറമേ സുഗന്ധ തൈലവും ഒലിയോറെസിനും കസ്തൂരിമഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്നുണ്ട്.
Discussion about this post