തണല്‍ ഏറെ ആവശ്യമുള്ള കാര്‍ഷികവിളയാണ് കസ്തൂരിമഞ്ഞള്‍. നാളികേരത്തോട്ടങ്ങളിലോ മറ്റ് വൃക്ഷവിളകളിലോ ഇടവിളയായും കസ്തൂരിമഞ്ഞള്‍ കൃഷി നടത്താം.
ഏപ്രില്‍ മെയ് മാസങ്ങളാണ് കസ്തൂരിമഞ്ഞള്‍ കൃഷിക്ക് ഏറെ അനുയോജ്യം. 3 മീറ്റര്‍ നീളവും, 1 മീറ്റര്‍ വീതിയും, 25 സെന്റിമീറ്റര്‍ ഉയരവും 40 സെന്റിമീറ്ററെങ്കിലും അകലവുമുള്ള പണകളാണ് തയ്യാറാക്കേണ്ടത്. പണകള്‍ക്ക് മുകളിലായി തേങ്ങാമുറി വലിപ്പത്തില്‍ ചെറിയ കുഴികള്‍ എടുത്ത് അരക്കിലോ ഉണക്കിയതും പൊടിച്ചതുമായ ചാണകം നിറയ്ക്കുക. ചാണകത്തിന് പകരം ജൈവ വളവും ഉപയോഗിക്കാം. ഓരോ കുഴികളിലും ജൈവ വളം പ്രയോഗിക്കുന്നതിന് പകരം 25 കിലോ ജൈവ വളം മൊത്തത്തില്‍ മണ്ണില്‍ സംയോജിപ്പിക്കുകയും ചെയ്യാം. കുറഞ്ഞത് ഒരു മുകുളത്തോട് കൂടിയ 15 ഗ്രാം ഭാരമുള്ള മൂലകാണ്ഡം 5 സെന്റിമീറ്റര്‍ ആഴത്തില്‍ നട്ടുപിടിപ്പിക്കുന്നു.ഹെക്ടറിന് ഏകദേശം 1500 കിലോഗ്രാം വിത്ത് ആവശ്യമാണ്.
നട്ടതിന് ശേഷം ഉണങ്ങിയതോ, പച്ചയോ ആയ ഇലകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും ജൈവ അസംസ്‌കൃത പദാര്‍ത്ഥങ്ങളോ കൊണ്ട് പുതയിടണം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തി മൂലകാണ്ഡം ഉണങ്ങാതിരിക്കാനും, മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും ഇതിലൂടെ കഴിയും. രണ്ട് മാസങ്ങള്‍ക്ക് ശേഷം പുതയിടല്‍ ആവര്‍ത്തിക്കണം. ഒന്നും രണ്ടും മാസങ്ങളില്‍ കളകള്‍ നീക്കം ചെയ്യണം. നട്ടതിന് രണ്ടു മാസങ്ങള്‍ക്ക് ശേഷം കിടക്കകള്‍ ഉയര്‍ത്തുക. മഴയുടെ അഭാവത്തില്‍ മൂന്നു നാല് തവണ ജലസേചനം നടത്താം.
ചെറുകിട കൃഷിക്ക് കീടങ്ങളുടെ ആക്രമണം സാധാരണമല്ല. എന്നാല്‍ വലിയ രീതിയില്‍ ആവര്‍ത്തിച്ചുള്ള കൃഷിയില്‍ സ്റ്റെം ബോറര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാവുന്നതാണ്.കസ്തൂരിമഞ്ഞള്‍ റൈസോമുകള്‍ ഔഷധത്തിനും സൗന്ദര്യവര്‍ദ്ധക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാല്‍ ജൈവകൃഷി മാത്രമേ സ്വീകരിക്കാവൂ.
വിളവെടുത്ത റൈസോമുകള്‍ നന്നായി വൃത്തിയാക്കി വാഴ ചിപ്സ് പോലുള്ള നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുന്നു. ഇത് സൂര്യവെളിച്ചത്തില്‍ നാലഞ്ചു ദിവസം ഉണക്കിയതിന് ശേഷം ചെറിയ അളവില്‍ മിക്സര്‍ ഗ്രൈന്‍ഡറിലും, വലിയ അളവുകളില്‍ മില്ലുകളിലും പൊടിച്ചാണ് കസ്തൂരിമഞ്ഞള്‍ തയ്യാറാക്കുന്നത്.
കസ്തൂരിമഞ്ഞള്‍ പൊടി ശുദ്ധമായ റോസ് വാട്ടര്‍, പാല്‍ , തൈര്, തേന്‍ അല്ലെങ്കില്‍ വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി ഫെയ്സ്‌ക്രീം അല്ലെങ്കില്‍ ഫെയ്സ്പാക്ക് ആയും ഉപയോഗിക്കാം. ഇത് പതിവായി ഉപയോഗിച്ചാല്‍ ആരോഗ്യകരമായ ചര്‍മ്മവും, മുഖത്തിന് തിളക്കവും ലഭിക്കും. കൂടാതെ മുഖക്കുരുവിനും കുറവുണ്ടാകും.
Discussion about this post