പുല്ലുവർഗ്ഗത്തിൽപ്പെട്ട ചെടിയാണ് കറുക. ബർമുഡ ഗ്രാസ് എന്നും അറിയപ്പെടുന്നു. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സയനോഡോൺ ഡാക്ട്ടിലോൺ എന്നാണ് ശാസ്ത്രനാമം. ദശപുഷ്പങ്ങളിൽ ഒന്നായ കറുകപ്പുല്ലിന് ആയുർവേദത്തിൽ ഒത്തിരി പ്രാധാന്യമുണ്ട്. ദശപുഷ്പങ്ങൾ ഓരോന്നും ഓരോ ദേവതകളെ പ്രതിനിധീകരിക്കുന്നുണ്ട് . ’ആദിത്യൻ ’ ആണ് കറുക പ്രതിനിധീകരിക്കുന്ന ദേവത. ഹൈന്ദവ പൂജകളിൽ ഒത്തിരി പ്രാധാന്യമുണ്ട് ഇതിന്. ആയുർവേദം, യുനാനി, ഹോമിയോപതി തുടങ്ങിയ മേഖലകളിലെല്ലാം ഔഷധ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്.
നിലം പറ്റി വളരുന്ന പുൽച്ചെടിയാണ് ഇത്. രണ്ടുതരത്തിലുള്ള കറുകയാണ് കാണപ്പെടുന്നത്. നീല കറുകയും വെള്ള കറുകയും. നീല കറുകയ്‌ക്ക് നീല തണ്ടും വെള്ള കറുകക്ക് വെളുത്ത തണ്ടുമാണ് ഉള്ളത്. ആൽക്കലോയ്ഡ്, കാർബോഹൈഡ്രേറ്റ്സ്, ഫൈബർ ഫ്ലേവോൺ, ഗ്ലൂക്കോസൈഡ്സ്, ലിഗ്നിൻ, മഗ്നീഷ്യം, ടെർപെനോയ്ഡ് എന്നിവ ഒത്തിരി അടങ്ങിയിട്ടുണ്ട്.
ഔഷധഗുണങ്ങൾ
അൾസർ, അസിഡിറ്റി, ഉദരരോഗങ്ങൾ എന്നിവയ്ക്കെതിരായി കറുക ഉപയോഗിക്കുന്നുണ്ട്. പ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും ഇത് ഉത്തമമാണ്. നാരുകൾ ഒത്തിരി അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനത്തിനും വളരെ നല്ലതാണ്. പ്രമേഹം തടയുന്നതിനും കറുകപുല്ല് ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം തടയുന്നതിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഉത്തമ ഔഷധമാണ് കറുക. ആർത്തവ സംബന്ധമായ അസുഖങ്ങൾക്കും രക്തശുദ്ധീകരണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.
Discussion about this post