ചിങ്ങം ഒന്നിന് സംസ്ഥാനവ്യാപകമായി കർഷകദിനം ആചരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കർഷകദിന ത്തോടൊപ്പം ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ, കർഷകർക്കായുള്ള മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയും ഉദ്ഘാടനം ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് എല്ലാ ബ്ലോക്കിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ നിലവിൽ വരുന്നത്..
ഈ വർഷത്തെ കർഷക ദിനവും ഓണവും അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രകൃതിദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കർഷകരെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം തുടർച്ചയായി നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുകയാണ്. അതിനാൽ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് ഇത്തവണ പരിമിതമായ ചടങ്ങുകളോടെയായിരിക്കും കർഷകദിനം ആചരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ കഴിയാഞ്ഞതിനാൽ സംസ്ഥാന കർഷക അവാർഡ് ദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുകയാണെന്നും മന്ത്രി അറിയിച്ചു
Discussion about this post