ഔഷധമായും കീടനാശിനിയായും ഉപയോഗിക്കാവുന്ന സസ്യമാണ് കരിനൊച്ചി. വൈടെക്സ് നിഗുണ്ടോ എന്നാണ് ശാസ്ത്രീയനാമം. ഇത് വീട്ടുവളപ്പിൽ നട്ടുവളർത്തുന്നത് ഏറെ നല്ലതാണ്. കരിനൊച്ചി, വെള്ളനൊച്ചി എന്നിങ്ങനെ രണ്ട് ഇനങ്ങളുണ്ട്. കരിനൊച്ചി ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും എന്നതാണ് ഇവതമ്മിലുള്ള വ്യത്യാസം. ശാഖോപശാഖകളോടുകൂടിയ മൂന്നു മീറ്ററോ അതിലധികമോ നീളത്തിൽ വളരുന്ന വൃക്ഷമാണിത്.
ഇല, പൂവ്, തൊലി, വേര് എന്നിവ ഔഷധമായി ഉപയോഗിക്കാം. കരിനൊച്ചിയിലയിൽ അടങ്ങിയിട്ടുള്ള രാസഘടകങ്ങൾക്ക് അനേകം രോഗങ്ങളെ ചെറുക്കാൻ കഴിയും.
കരിനൊച്ചി ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം വയറു കോപവും അതുമൂലമുണ്ടാകുന്ന വയറു വേദനയും കുറയ്ക്കും. ചൂടാക്കിയ ഇലകൾ ഉളുക്കിയ ഭാഗത്ത് വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ആസ്ത്മയുടെ പ്രതിവിധിയായി കരിനൊച്ചി ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാറുണ്ട്. തുളസി, ജീരകം, കുരുമുളക്, എന്നിവ ചേർത്തുണ്ടാക്കിയ കഷായം ചുമയ്ക്ക് അത്യുത്തമമാണ്. ഇലകൾ വെള്ളത്തിൽ അരച്ച് നെറ്റിയിൽ ഇടുന്നത് ചിലതരം തലവേദനയ്ക്ക് മരുന്നാണ്. കരിനൊച്ചി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ശമിപ്പിക്കും. ഇല കിഴികെട്ടി ചൂടുപിടിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകും. ഉണങ്ങിയ ഇലകൾ ഒപ്പം സൂക്ഷിക്കുന്നത് ധാന്യങ്ങളിലെ കീടനിയന്ത്രണത്തിന് സഹായിക്കും.
ഇവയ്ക്കെല്ലാം പുറമേ കീടനാശിനിയായും ഈ ഇല ഉപയോഗിക്കാം. ഒരു കിലോഗ്രാം കരിനൊച്ചിയില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറിൽ അഞ്ച് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിക്കാവുന്നതാണ്. ഇത് മുഞ്ഞ, ഇലതീനി പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കും.
Discussion about this post