പോസിറ്റീവ് മനസുമായി കൃഷിയിലേക്ക് ഇറങ്ങിയവരാണ് ചേര്‍ത്തലയിലെ പത്തംഗ സംഘം. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ചേര്‍ത്തല തിരുവിഴേശന്‍ ജെഎല്‍ജി കര്‍ഷക കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. തിരുവിഴ ദേവസ്വത്തിന്‌റെ പതിനഞ്ചേക്കര്‍ ഭൂമിയില്‍ വിജയകരമായി ജൈവ കൃഷി നടത്തി ഫാം ടൂറിസമെന്ന സ്വപ്‌നത്തിലേക്കാണ് ഈ കൂട്ടായ്മ നടന്നടുക്കുന്നത്. കൃഷിയിടം ഒരുക്കിയിരിക്കുന്നതും വിളകള്‍ ഏതൊക്കെ എന്ന് നിശ്ചയിച്ചതുമെല്ലാം ഫാം ടൂറിസമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. ഏഴരയേക്കര്‍ പാടവും ഏഴരയേക്കര്‍ പറമ്പും ഉള്‍ക്കൊള്ളുന്ന സ്ഥലം മനോഹരമായ കൃഷിയിടമാക്കി മാറ്റിയെടുക്കുന്നതിന്‌റെ ആദ്യഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായി. പച്ചക്കറികളും പൂക്കളുമാണ് കൃഷി ചെയ്തിരിക്കുന്നത്. തണ്ണിമത്തന്‍, വെള്ളരി, ചീര, വെണ്ട, പടവലം, പീച്ചിങ്ങ, തക്കാളി, മുളക്്, കാബേജ്, ക്വാളിഫ്‌ളവര്‍, വഴുതന തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവരുടെ ചീരയ്ക്ക് ആവശ്യക്കാരേറെയാണ്. സൂര്യകാന്തി, ബന്ദി എന്നിവയാണ് കൃഷി ചെയ്യുന്ന പൂക്കള്‍. ലാഭത്തിനപ്പുറം , കൃഷിയിടത്തിന്‌റെ മനോഹാരിത കൂടി ലക്ഷ്യമിട്ടാണ് ഈ പൂ കൃഷി. ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെടെ സാങ്കേതികമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
കയര്‍ ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ച് കര്‍ഷകനായി മാറിയ ജ്യോതിഷും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഒന്‍പതുപേരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ജോതിഷടക്കം മൂന്നുപേരാണ് മുഴുവന്‍ സമയ കര്‍ഷകര്‍. മറ്റുള്ളവര്‍ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളുമായി വിളിപ്പുറത്തുണ്ട്.
വിളകളുടെ വില്‍പ്പനയ്ക്കപ്പുറം കൃഷി സാധ്യതകള്‍ കണ്ടെത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
Discussion about this post