ആഫ്രിക്കയിലെടാൻസാനിയയിൽ പാഴ്‌വസ്തുക്കൾ കൊണ്ട് ആരെയും ആകർഷിക്കുന്ന ഉദ്യാനം ഒരുക്കിയിരിക്കുകയാണ് മലയാളിയായ ജെസ്സി.അല്പം കരവിരുതും ഒപ്പം മനോധർമ്മവും ചേർത്തുവച്ചാൽ പാഴ്വസ്തുക്കൾ കൊണ്ടും പൂന്തോട്ടത്തിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ സൃഷ്ടിക്കാം. കുപ്പികളിലും മറ്റു പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളിലും മനോഹരമായി ചെടികൾ വളർത്തുന്ന രീതി നമുക്ക് സുപരിചിതമാണ്. എന്നാൽ ജെസ്സിയുടെ പൂന്തോട്ടം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പാഴ്മരങ്ങളും ചിരട്ടയും ഉപയോഗിച്ച് ഉപേക്ഷിച്ച സാധനങ്ങളും മാത്രം.
ജെസ്സി
എന്നാൽ അവയിലെല്ലാം പോട്ടിംഗ് മിശ്രിതം നിറച്ച്, പൂച്ചെടികളും സക്യുലന്റ് ചെടികളും ഹാങ്ങിങ് പ്ലാന്റുകളും ക്രിയാത്മകമായ രീതിയിൽ നട്ടുവളർത്തിയപ്പോൾ പാഴ്വസ്തുക്കൾക്കും പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. കപ്പിൾസ് ഇൻ ആഫ്രിക്ക എന്ന യൂട്യൂബ് ചാനലിലൂടെ ദമ്പതികളായ കൊല്ലം സ്വദേശി ഹിമേഷ് വാസുദേവനും മാവേലിക്കര സ്വദേശിയായ ഐശ്വര്യ ബി ഉണ്ണിത്താനുമാണ് ജെസ്സിയുടെ ഈ കരവിരുതിനെ മലയാളികൾക്കായി പരിചയപ്പെടുത്തിയത്.
കപ്പിൾസ് ഇൻ ആഫ്രിക്ക എന്ന യൂട്യൂബ് ചാനലിലൂടെ ദമ്പതികളായ കൊല്ലം സ്വദേശി ഹിമേഷ് വാസുദേവനും മാവേലിക്കര സ്വദേശിയായ ഐശ്വര്യ ബി ഉണ്ണിത്താൻ
വീട്ടമ്മയായ ജെസ്സിക്ക് ഒഴിവുസമയങ്ങളിൽ ചെടികൾ തന്നെ കൂട്ട്. അതുകൊണ്ട് തന്നെ കഴിയുന്നത്രയും പരീക്ഷണങ്ങൾ ജെസ്സി സ്വന്തം ഉദ്യാനത്തിൽ നടത്തുന്നുണ്ട്. പച്ചക്കറി വാങ്ങുമ്പോൾ ലഭിക്കുന്ന വലയിലും ചിരട്ടയിലുമാണ് ജെസ്സിയുടെ ഹാങ്ങിങ് ഗാർഡൻ. മണ്ണും ചാണകവും ചേർത്ത മിശ്രിതം ബോൾ രൂപത്തിലാക്കി വലയിട്ട് ചെടികൾ വച്ചാൽ പിന്നെ ബാക്കി കാര്യം ചെടികളേറ്റു. അതിനെച്ചുറ്റി അവരങ്ങനെ വളർന്നു നിറയും. കൊക്കേഡമ മാതൃകയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഹാങ്ങിങ് ചെടികൾ ചിരട്ടകളിലും വളരുന്നുണ്ട്.
ജെറേനിയം, ആഫ്രിക്കൻ വയലറ്റ്, യൂഫോർബിയ, സ്പൈഡർ പ്ലാന്റ് എന്നിങ്ങനെ അനേകം ചെടികൾ ജെസ്സി നട്ടുവളർത്തുന്നുണ്ട്. പാഴ്മരക്കുറ്റികളുടെ വിടവിൽ നിറച്ച മണ്ണിൽ പറ്റിയാണ് പലതും വളരുന്നത്. പഴകിയ ഷൂ, ഉപയോഗശൂന്യമായ കസേര, പൊട്ടിയ കുടം, തുടങ്ങി ഒന്നിനെയും ജെസ്സി വെറുതെ വിട്ടിട്ടില്ല. പാഴ്വസ്തുക്കളിൽ വെറുതെയങ്ങ് ചെടികൾ നടുകയല്ല. ഓരോന്നിനും ഓരോ കഥകൾ പറയാനുണ്ട്. ശില്പം പോലെ മനോഹരമായ കൂറ്റൻപാഴ്തടിയിലെ കുഞ്ഞു കിളിക്കൂടും വിടവുകളിൽ പറ്റി വളരുന്ന ചെടികളും ജെസ്സിയിലെ കലാകാരിയായ കൃഷിക്കാരിയെ നമുക്ക് കാട്ടിത്തരുന്നു.
ട്രേ ഗാർഡനും ടെറേറിയവുമെല്ലാം ഈ ഉദ്യാനത്തിലെ കാഴ്ചകളിൽ ചിലത് മാത്രം. ട്രേകളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് വെള്ളാരംകല്ലുകൾ വിരിച്ച് പായലും ചെടികളും നട്ട് രൂപങ്ങളും ചേർത്തുവച്ചാൽ ട്രേ ഗാർഡനായി. പ്രകൃതിയിലെ വലിയൊരു ഭാഗത്തിന്റെ ചെറിയ കോപ്പിയാണെന്ന് തോന്നും. കല്ലും മണ്ണും മണലും ഒന്നിനുമുകളിൽ ഒന്നായി വിരിച്ച ബൗളുകളിൽ പായലും ചെടികളും നട്ട് ടെറേറിയം നിർമ്മിച്ചിരിക്കുന്നു. സങ്കല്പത്തിലെ പൂന്തോട്ടത്തിന്റെ ചെറിയ പതിപ്പ് ബൗൾ ഗാർഡനിലും സൃഷ്ടിക്കാം.
അനാവശ്യമായി പണം ചിലവഴിക്കാതെ തന്നെ ആരെയും ആകർഷിക്കുന്ന പൂന്തോട്ടം സൃഷ്ടിക്കാനാകും എന്ന് ജെസ്സി തെളിയിക്കുന്നു. ഒരു ചട്ടിപോലും പുറത്തുനിന്ന് വാങ്ങേണ്ട കാര്യമില്ലത്രേ. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. വളർത്താൻ ചെടികളും അവ നടാനുള്ള ഇടവും വളരാനാവശ്യമായ വളവും ചുറ്റുപാടിൽ നിന്നു തന്നെ ലഭ്യമാകുമെന്ന് ജെസ്സി പറയുന്നു. കണ്ടെത്താനുള്ള മനസ്സു മാത്രം മതി.
Discussion about this post