ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. മിരിസ്റ്റിക ഫ്രാഗ്രൻസ് എന്നാണ് ശാസ്ത്രനാമം. ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ് ജാതിയുടെ ജന്മദേശം. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തേക്കൂടാതെ തമിഴ്നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.ഐ ഐ എസ് ആർ വിശ്വശ്രീ പ്രധാന ജാതി ഇനമാണ്.
കാലവർഷത്തോടു കൂടി ജാതി തൈകൾ നടാം. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ചെടികൾ നടുന്നത്. പ്രകൃതിയിൽ 50:50 എന്ന തോതിലാണ് ആൺ പെൺ ചെടികൾ കണ്ടുവരുന്നത്. ശരിയായ പരാഗണത്തിനു പത്ത് പെൺ ചെടിക്ക് ഒരു ആൺ ചെടി ആവശ്യമാണ്. പുഷ്പിക്കുന്നതിന് മുമ്പ് ആൺ പെൺ ചെടികൾ തിരിച്ചറിയാൻ സാധ്യമല്ല.
മരങ്ങളിൽ നിന്ന് വിളഞ്ഞു പൊട്ടി വിടർന്ന കായ്കളാണു വിത്തിനായി തിരഞെടുക്കേണ്ടത്. ജാതിപത്രി മാറ്റിയതിനു ശേഷം ഉടനെ വിത്ത് പ്രതേകമായി ഉണ്ടാക്കിയ തവാരണകളിൽ നടാവുന്നതാണ്. അന്നുതന്നെ നടാൻ സാധ്യമല്ലെങ്കിൽ വിത്ത് നനവുള്ള ഈർച്ചപൊടിയിലോ, മണ്ണിലോ, സുര്യപ്രകാശം തട്ടാതെ സൂക്ഷിക്കേണ്ടതാണ്. ഉണങ്ങിയാൽ വിത്ത് മുളക്കില്ല.
ചെടികളുടെ ആദ്യകാല വളർച്ചക്ക് തണൽ ആവശ്യമാണ്. ആദ്യഘട്ടങ്ങളിൽ തണലിനായി വാഴക്കൃഷി ചെയ്യാവുന്നതാണ്. 8 മീറ്റർ വീതം അകലത്തിൽ 90 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികെളെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും ചേർത്ത് നിറയ്ക്കുക.
സാധാരണ ജാതിതൈകൾ തായ് ചെടികളുമായി ചേർത്ത് ഒട്ടിച്ചോ പാച്ച് ബഡഡിംഗ് ചെയ്തോ പുതിയ തൈകളുണ്ടാക്കാം. ആൺ ചെടികളിൽനിന്നെടുക്കുന്ന മുകുളങ്ങളോ കമ്പുകളോ ഉപയോഗിക്കുമ്പോൾ ആൺചെടികളും, പെൺചെടികളിളിൽ നിന്ന് സിയോൺ ഉപയോഗിക്കുമ്പോൾ പെൺചെടികളും ലഭിക്കും. എന്നാൽ ഗ്രാഫ്റ്റിംഗിനോ ബഡഡിംഗിനോ ഉപയോഗിക്കുന്ന മുകുളങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രതേകം ശ്രദ്ധിക്കണം. നേരെ വളരുന്ന കമ്പിൽ നിന്ന് എടുത്താൽ മാത്രമേ അതിൽ നിന്നുണ്ടാകുന്ന ചെടികൾ ഉയരത്തിൽ വളരുകയും, ധാരാളം വിളവ് നൽകുകയും ചെയ്യൂ.
ജാതിയുടെ ഉയർന്ന വിളവിനും ഗുണമേന്മക്കും സാദാരണയായി നല്ല ജലസേചനം ആവശ്യമാണ്. എന്നിരുന്നാലും എത്ര തവണ ജലസേചനം നടത്തണം എന്നുള്ളത് കാലാവസ്ഥ. മണ്ണിന്റെ ഈർപ്പം പിടിച്ചു നിർത്താനുള്ള കഴിവ്, ചെടിയുടെ പ്രായം എന്നതിനെ ആശ്രയിച്ചിരിക്കും. വേനൽ കാലങ്ങളിലും വരണ്ട അവസ്ഥയിലും തുടർച്ചയായുള്ള ജലസേചനം ആവശ്യമാണ്.
തൈ നട്ട് ആദ്യവർഷം ഓരോ തൈയ്ക്കും 10 കിലോ ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. ഇത് ക്രമേണെ വർദ്ധിപ്പിച്ച് 15 വർഷമെത്തുമ്പോഴേക്കും ഓരോ മരത്തിനും 50 കിലോ ജൈവവളം ചേർക്കാവുന്നതാണ്. ജൈവവളത്തിനു പുറമേ ഒന്നാം വർഷം ഓരോതൈക്കും 44 ഗ്രാം യൂറിയ, 100 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, 80 ഗ്രാം പൊട്ടാഷ് എന്നീ വളങ്ങൾ ചേർക്കണം. രണ്ടാം വർഷം മേൽപറഞ്ഞതിന്റെ ഇരട്ടിയും ക്രമേണ അളവ് വർദ്ധിപ്പിച്ച് 15 വർഷമാകുമ്പോഴേക്കും മരമൊന്നിന് 1085 ഗ്രാം യൂറിയ, 1375 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, 1600 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
വർഷത്തിൽ മിക്കവാറും എല്ലാ സമയത്തും കായുണ്ടാകുമെങ്കിലും ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് കൂടുതൽ വിളവു ലഭിക്കുക. ജാതിക്കായും ജാതിപത്രിയുമാണ് ഉപയോഗയോഗ്യമായ ഭാഗങ്ങൾ. മാംസളമായ പുറംതോട് മാറ്റിയാൽ മൃദുലവും തൂവൽപോലെയുമുള്ള ചുവന്ന ജാതിപത്രി കാണാം. ജാതിക്കയേക്കാൾ കൂടുതൽ വില ജാതിപത്രിക്കാണ്. ജാതിപത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്ത് തണലിൽ വച്ച് ഉണക്കിയെടുക്കണം. 3 മുതൽ 5 ദിവസം വരെ വേണ്ടിവരും. കായ്കൾ നന്നായി ഉണങ്ങുന്നതിന് 6-8 ദിവസം വരെ ആവശ്യമാണ്. ഇത് ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചുവെക്കണം.
Discussion about this post