പോഷകസമൃദ്ധമായ ഒരു പച്ചക്കറി വിളയാണ് വാളരിപ്പയർ. സ്വോർഡ് ബീൻ എന്നും അറിയപ്പെടുന്നു. മഴയെ ആശ്രയിച്ചുളള കൃഷിക്ക് മെയ്-ജൂൺ മാസങ്ങളാണ് നല്ലത്. ജലസേചനം നൽകി കൃഷി ചെയ്യുകയാണെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങൾ ഉത്തമമാണ്. എങ്കിലും ജലസേചനം ലഭ്യമാണെങ്കിൽ ഏതു സമയത്തും കൃഷി ചെയ്യാൻ കഴിയുന്ന വിളയാണ് വാളരി. 60 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ ജൈവവളവും മേൽമണ്ണും ചേർത്ത് വിത്ത് വിതയ്ക്കാം. മൂന്നോ നാലോ വിത്തുകൾ ഒരു കുഴിയിൽ വിതയ്ക്കാം. ചെടികൾ തമ്മിൽ നാലു മീറ്ററും വരികൾ തമ്മിൽ 3 മീറ്ററും അകലം നൽകണം. പടർന്നുവളരുന്ന വാളരിപ്പയറിന്റെ പൂവിന് വെളുത്ത നിറവും വിത്തിന് ചുവന്ന നിറവുമാണ്. ഇളം പ്രായത്തിൽ തന്നെ വിളവെടുക്കണം.
കുറ്റി വാളരി
ജാക്ക് ബീൻ എന്ന പേരിലറിയപ്പെടുന്ന കുറ്റവാളരിക്ക് പർപ്പിൾ നിറത്തിലുള്ള പൂക്കളും വെളുത്ത വിത്തുകളുമാണ്. ഏതുകാലത്തും കൃഷി ചെയ്യാവുന്ന വിളയാണ് കുറ്റി വാളരി. ഒരടി വീതിയുള്ള ചാലുകളിൽ ജൈവവളം മേൽമണ്ണുമായി ചേർത്ത് രണ്ടടി അകലത്തിൽ വിത്ത് വിതയ്ക്കാം. കുറ്റിവാളരിയുടെയും മൂപ്പെത്താത്ത കായ്കളാണ് വിളവെടുക്കേണ്ടത്. കുറ്റിയായി വളരുന്ന ഇനമാണെങ്കിലും താങ്ങുകാലുകൾ നൽകിയാൽ പടർന്നുകയറാൻ ഇടയുണ്ട്.
ഇരുവിളകൾക്കും ജൈവവള കൂട്ടുകളും ചാണകതെളിയും വളമായി നൽകുന്നത് നല്ലതാണ്. നല്ല വിളവിനായി രണ്ടാഴ്ചയിലൊരിക്കൽ ജൈവവളം നൽകാം.
Discussion about this post