എത്ര ശ്രദ്ധ കൊടുത്തിട്ടും നിങ്ങളുടെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വാടിപോവുന്നുണ്ടോ? അതിന് കാരണങ്ങള്‍ പലതാണ്. കൃത്യസമയത്ത് അത് മനസിലാക്കി വേണ്ട പരിചരണം കൊടുത്താല്‍ വീടിനകത്തെ ചെടികളും മനോഹരമായി, ആരോഗ്യത്തോടെ വളരും.
അധിക വെള്ളം
അധികമായാൽ അമൃതും വിഷമെന്നാണല്ലോ. ഇടയ്ക്കിടയോ കൂടുതലോ വെള്ളം നനക്കുന്നതിലൂടെ മണ്ണിലെ ഈര്‍പ്പം പോകാന്‍ സമയം കൂടുതലെടുക്കും.ഇത് ചിലപ്പോള്‍ വേര് ചീയുന്നതിന് കാരണമാകും. ഇലകള്‍ക്ക് മഞ്ഞനിറം വരും. കൂടാതെ മണ്ണില്‍ ഫംഗസിനും സാധ്യതയുണ്ട്.
വെള്ളം കുറഞ്ഞാലും പ്രശ്‌നം
വെള്ളം ലഭിക്കാതിരുന്നാലുള്ള പ്രശ്‌നം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഇലകള്‍ വാടികൊഴിയും. ചെടിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്നത് കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വെള്ളം ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തുക.
നീര്‍വാര്‍ച്ച ഉറപ്പാക്കണം
ചെടി നടുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ചട്ടിയിലെ ദ്വാരത്തിന്റെ കാര്യം. നീര്‍വാര്‍ച്ച എപ്പോഴും ഉറപ്പുവരുത്തണം. ദ്വാരമില്ലാതെ വരുമ്പോള്‍ വെള്ളം കെട്ടി നില്‍ക്കുകയും വേര് ചീയാന്‍ ഇത് കാരണമാകുകയും ചെയ്യും. അതുപോലെ ചട്ടിയില്‍ നിന്ന് വാര്‍ന്നുപോകുന്ന വെള്ളം താഴെ ട്രേയില്‍ കെട്ടിനിര്‍ത്താനും പാടില്ല.
റീപോട്ട് ചെയ്യാറില്ലേ?
കുറേയധികം കാലം ചെടി ഒരേ ചട്ടിയില്‍ തന്നെ നിര്‍ത്തുന്നത് അഭികാമ്യമല്ല. ഇത് ചെടികളുടെ നാശത്തിന് കാരണമാകും. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ റീപോട്ട് ചെയ്യാന്‍ ശ്രമിക്കുക.
വളപ്രയോഗം മുടക്കരുത്
ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്ക് വെള്ളവും, സൂര്യപ്രകാശവും പോലെ തന്നെ ആവശ്യമുള്ളതാണ് വളം. വളപ്രയോഗം ചെയ്യാതിരുന്നാലും ചെടികളുടെ വളര്‍ച്ചയെ ബാധിക്കും.
വെള്ളം പോലെ വെളിച്ചവും
ചെടികളുടെ വാട്ടം, വളര്‍ച്ചയില്ലാത്തത്, ഇലകള്‍ ചെറുതായിരിക്കുന്നതെല്ലാം വെളിച്ചത്തിന്റെ കുറവുമാകാം. ജനലരികില്‍ മറ്റും ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെക്കുന്നതാകും നല്ലത്. അതല്ലെങ്കില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നിടമാണെന്ന് ഉറപ്പുവരുത്തുക.
കീടങ്ങള്‍
കീടങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നക്കാരന്‍. ചെടികളില്‍ കീടങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ചെടികള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകുക. തുടര്‍ന്ന് സോപ്പ് വെള്ളം സ്പ്രേ ചെയ്തുകൊടുക്കുക.
Discussion about this post