രാജ്യത്തെ ചായപ്രേമികള്‍ക്കും തേയില ഉത്പാദകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്തെ തേയില ഉത്പാദത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
ഗ്ലോബല്‍ ടീ ഡൈജസ്റ്റിന്റെ കണക്കുകള്‍പ്രകാരം ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ 17.48 മില്യണ്‍ കിലോ തേയിലയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 14.54 മില്യണ്‍ കിലോയായിരുന്നു. അതായത് 20.22 ശതമാനത്തിന്റെ വര്‍ദ്ധന.
ദക്ഷിണേന്ത്യയില്‍ തേയില ഉത്പാദനത്തില്‍ മിതമായ വര്‍ദ്ധന മാത്രമാണുണ്ടായത്. 15.04 ശതമാനം വരെ. ഉത്തരേന്ത്യയില്‍ 75.81ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
അതേസമയം അസമില്‍ തേയില്‍ ഉല്‍പ്പാദനത്തില്‍ 14.81 ശതമാനം ഇടിവുണ്ടായി. ഈ വര്‍ഷം തേയില ഉത്പാദനത്തില്‍ ഇടിവുണ്ടായ രാജ്യത്തെ ഏക സംസ്ഥാനം അസമാണ്.
പശ്ചിമ ബംഗാളില്‍ 93.94 ശതമാനം വര്‍ധനയുണ്ടായി.
2019 നെ അപേക്ഷിച്ച് 2020 ല്‍ ഇന്ത്യയുടെ തേയില ഉല്‍പാദനം കുറഞ്ഞിരുന്നു. എന്നാല്‍ 2021 ആയപ്പോള്‍ തേയില്‍ ഉല്‍പ്പാദനം കൂടുന്നു എന്ന ശുഭകരമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
എങ്കിലും കോവിഡ് -19 ന്റെ രണ്ടാം തരംഗവും ലോക്ക്ഡൗണിന്റെ സാധ്യതയും കാരണം തേയില നിര്‍മ്മാതാക്കള്‍ ആശങ്കയിലാണ്. തേയില ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഉല്‍പാദനത്തെ ബാധിക്കും.
Discussion about this post