തൃശ്ശൂർ: വിപണി ലക്ഷ്യമിടുകയാണ് കേരളം മാടക്കത്തറ നഴ്സറിയിലെ എണ്ണൂറോളം വരുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകൾ. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കേര വികസന ഏകോപന സമിതി എന്നിവർ സംയുക്തമായാണ് അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തൈകൾ പോളിനേഷനിലൂടെ ഉൽപാദിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെങ്ങിൻ തൈ വിതരണം തുടങ്ങിയതോടെ നിലവിൽ കൂടുതൽ വിപണന സാധ്യത മുന്നിൽ കാണുകയാണ് കർഷകർ.
വേഗം കായ്ക്കുന്നതും വലിയതും ഗുണമേന്മയുള്ളതുമായ ഇവയിൽ നിന്ന് ധാരാളം നാളീകേരം ലഭിക്കുമെന്നതാണ് പ്രത്യേകത. കട്ടിലപൂവ്വത്തിൽ പ്രവർത്തിക്കുന്ന കേരമാടക്കത്തറ നഴ്സറിയിൽ ഹൈബ്രിഡ് തെങ്ങിൻ തൈക്ക് 250 രൂപയും, ബാഗ് തൈക്ക് 300 രൂപയുമാണ് ഈടാക്കുന്നത്.
രണ്ടു വർഷം മുമ്പ് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യാവർമയുടെ നേതൃത്വത്തിൽ 50 കേരകർഷകരുമായി കാസർകോട് പിലിക്കോട് തോട്ടവിള ഗവേഷണ കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രയിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകൾ എന്ന ആശയം ജനിക്കുന്നത്. പിന്നീട് കേന്ദ്ര തോട്ടവിള ഗവേഷണ സെൻറർ നൽകിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് മാടക്കത്തറ കേര സമിതി ഹൈബ്രിഡ് തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു.
ഉയരം കൂടിയ തെങ്ങുകളെയും ഉയരം കുറഞ്ഞ തെങ്ങുകളെയും മാതൃ-പിതൃ വൃക്ഷമായി കണ്ട് ഇവയുടെ പൂമ്പൊടി എടുത്ത് കൃത്രിമപരാഗണം (പോളിനേഷൻ) നടത്തും. മൂന്ന് വർഷത്തെ കഠിന പ്രയത്നത്തിന്റ ഫലമായിട്ടാണ് ഇന്ന് വില്പനക്ക് പാകമായ കേര മാടക്കത്തറ എന്ന സങ്കരയിനം തൈകൾ പിറവിയെടുത്തത്. ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ ഉൽപ്പാദനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് കേര വികസന ഏകോപന സമിതിയും അവകാശപ്പെടുന്നു.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ആവശ്യക്കാർക്ക് ഹൈബ്രിഡ് തെങ്ങിൻ തൈകൾ എത്തിച്ച് നൽക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്. വൈകാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിതരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. തെങ്ങിൻ തൈകൾ ആവശ്യമുള്ളവർക്കായി ഫോൺ: 9747805444 (കേര വികസന ഏകോപന സമിതി പ്രസിഡൻ്റ് ബിനോയ്)
Discussion about this post