ഹോയ ചെടികളില്‍ വിലയേറിയതും അത്യാകര്‍ഷകവുമായ ഇനമാണ് വാലെന്റൈന്‍ ഹോയ അഥവാ സ്വീറ്റ് ഹാര്‍ട്ട് ഹോയ. ഹോയ കെറി എന്നാണ് ശാസ്ത്രനാമം. ഹൃദയാകൃതിയിലുള്ള മാംസളമായ ഇലകളുണ്ടിവയ്ക്ക്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലെന്റൈന്‍ ദിനത്തില്‍ ഈ ചെടി ധാരാളമായി വിറ്റഴിയാറുണ്ട്. ഹൃദയാകൃതിയിലുള്ള ഇലകള്‍ അടര്‍ത്തിയെടുത്ത് കറകളഞ്ഞ ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച കപ്പിലോ ഗ്ലാസ്സിലോ വേരുപിടിപ്പിച്ച് ഏറ്റവും സുന്ദരമായ ഒരു പ്രണയ സമ്മാനമായി നല്‍കാം.
ഇലകളില്‍ സന്ദേശങ്ങളെഴുതി നല്‍കിയാലും വര്‍ഷങ്ങളോളം വാടാതെ നില്‍ക്കും. ചെറിയ രീതിയില്‍ നന നല്‍കണമെന്നു മാത്രം. ഇത്തരം ഇലകളില്‍ നിന്ന് പുതിയ ചെടികള്‍ വളരാനും സാധ്യതയുണ്ട്. പടര്‍ന്നു വളരുന്ന സസ്യമാണ് വാലെന്റൈന്‍ ഹോയ. നാല് മീറ്റര്‍ വരെ ഉയരം വയ്ക്കും.
മെഴുക് പൂക്കളെന്നു തോന്നിക്കുംവിധം ചുവപ്പും ക്രീം നിറവും കലര്‍ന്ന സുന്ദരമായ പൂക്കളുണ്ടാകും. വളരെ പതിയെ മാത്രം വളരുന്ന ചെടിയാണിത്. അല്‍പ്പം തണലുള്ള ഇടങ്ങളിലാണ് വളര്‍ത്തേണ്ടത്.
മാധ്യമത്തില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. രണ്ട് മുട്ടുകളുള്ള ഇലയോടു കൂടിയ കട്ടിങ്ങുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. കട്ടിങ്ങുകള്‍ മുറിച്ചെടുത്ത ശേഷം കറ വാര്‍ന്നു പോയി കഴിഞ്ഞേ നടാന്‍ പാടുള്ളൂ. റൂട്ടിംഗ് ഹോര്‍മോണില്‍ മുക്കിയ ശേഷം നടുന്നതാണ് ഏറെ നല്ലത്. ചകിരിച്ചോറ്. മണ്ണിര കമ്പോസ്റ്റ്, മണല്‍, ചാണകപ്പൊടി എന്നിവ യോജിപ്പിച്ച് തയ്യാറാക്കിയ മിശ്രിതത്തില്‍ കട്ടിങ്ങുകള്‍ നടാം. വേരുപിടിച്ച് വളര്‍ന്നു തുടങ്ങിയ കമ്പുകളില്‍ നിന്നും ആദ്യം വള്ളി വീശുകയും പിന്നീട് അവയില്‍ പുതിയ ഇലകളുണ്ടാകുകയും ചെയ്യും. ഇവ വലിയ ചട്ടിയിലേക്ക് മാറ്റി നടാം. നമ്മുടെ മനോധര്‍മ്മമനുസരിച്ച് ആകര്‍ഷകമായ രീതിയില്‍ പടര്‍ത്തിയോ ഹാങ്ങിങ് ചട്ടികളിലോ വാലെന്റൈന്‍ ഹോയ വളര്‍ത്താം. ഇലകളില്‍ വെള്ളം ശേഖരിക്കാന്‍ കഴിവുള്ളതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം നന നല്‍കിയാല്‍ മതി.
Discussion about this post