ഭക്ഷണമായും ആയുര്‍വേദ മരുന്നായും ഉപയോഗിക്കുന്ന വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് പടവലം. വെള്ളരി വര്‍ഗത്തില്‍പ്പെട്ട പടവലത്തില്‍ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, അയണ്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി എന്നിവയുണ്ട്. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് പടവലത്തിന്റെ ശാസ്ത്രനാമം. ഹിന്ദിയില്‍ പരവല്‍, തമിഴില്‍ പേപ്പൂടാന്‍, സംസ്‌കൃതത്തില്‍ പടോല, രാജിഫല എന്നിങ്ങനെയൊക്കെയാണ് പടവലം അറിയപ്പെടുന്നത്.
നീര്‍വീഴ്ചയുള്ള മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണാണ് പടവലം കൃഷി ചെയ്യാന്‍ അനുയോജ്യം. മണ്ണ് കിളച്ച് 60 സെന്റിമീറ്റര്‍ വ്യാസവും 45 സെന്റിമീറ്റര്‍ താഴ്ചയുമുള്ള കുഴികളെടുക്കുക. കാലിവളം മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴി നിറയ്ക്കുക. 2 മീറ്ററാണ് നടീല്‍ അകലം. കുഴിയില്‍ 5 വിത്ത് ഒന്നര സെന്റിമീറ്റര്‍ താഴ്ചയില്‍ പാകാം.വിത്തുകള്‍ 12 മണിക്കൂര്‍ നേരം 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ കുതിര്‍ത്തുവെച്ച് നടുക. മുളച്ച് രണ്ടാഴ്ച കഴിഞ്ഞ് ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകള്‍ നിലനിര്‍ത്തുക. ചെടികള്‍ വള്ളി വീശുമ്പോള്‍ താങ്ങുകാല്‍ കുത്തി നല്‍കണം. തുടര്‍ന്ന് പന്തലിട്ട് അതിലേക്ക് കയറ്റി വിടണം.
ജൈവരീതിയില്‍ കൃഷി ചെയ്യുന്നതാണ് ഉത്തമം. ഒരാഴ്ച ഇടവേളയില്‍ ജൈവവളം രണ്ട് ചിരട്ട തടത്തില്‍ ചേര്‍ത്ത് ഇളക്കുക. ചാരവും ചേര്‍ക്കണം. മണ്ണ് ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഷ്പിച്ചു തുടങ്ങിയാല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നനയ്‌ക്കേണ്ടതാണ്. പന്തലിന് താഴെ വളരുന്ന കളകളെ പറിച്ചുനടുകയും മണ്ണ് നന്നായി ഇളക്കികൊടുക്കുകയും വേണം.
പടവലക്കായ ചുരുണ്ടു പോകാതിരിക്കാന്‍ കായയുടെ അഗ്രഭാഗത്ത് ചെറിയ കല്ല് തൂക്കിയിടാവുന്നതാണ്. മൂപ്പെത്തിയ കായകള്‍ പറിച്ചെടുക്കാം.
Discussion about this post