ഏകദേശം 1000 ഇനം ആന്തൂറിയം സസ്യങ്ങളുണ്ട്. ഇവയെല്ലാം ചൂടുള്ളതും ഉഷ്ണമേഖലാ കാലാവസ്ഥയുള്ളതുമായ സ്ഥലങ്ങളിലാണ് വളരുന്നത്. കാഴ്ചയില്‍ മനോഹരമായ ഈ ചെടി വെള്ളത്തില്‍ വളര്‍ത്താന്‍ കഴിയുമോ എന്നത് എല്ലാവര്‍ക്കും സംശയം തോന്നുന്ന കാര്യമാണ്. പരിചരണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആന്തൂറിയം വെള്ളത്തിലും വളര്‍ത്താന്‍ കഴിയും. പക്ഷെ ആന്തൂറിയം മണ്ണിലും വെള്ളത്തിലും വളര്‍ത്തുമ്പോള്‍ പ്രധാന വ്യത്യാസം പരിചരണത്തിലാണ്.
ആന്തൂറിയം വെള്ളത്തില്‍ വളര്‍ത്തേണ്ടത് എങ്ങനെ?
വളരെ എളുപ്പത്തില്‍ തന്നെ ആന്തൂറിയം വെള്ളത്തില്‍ വളര്‍ത്താവുന്നതാണ്. ഇതിനായി ഗ്ലാസ് കണ്ടെയ്‌നറെടുക്കാം. അതാകുമ്പോള്‍ വേരുകള്‍ കൃത്യമായി കാണാന്‍ കഴിയും. മണ്ണില്‍ നിന്ന് ആന്തൂറിയം നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളത്തില്‍ വേരുകള്‍ പതുക്കെ കഴുകുക. ഇത് വെള്ളം നിറച്ച കണ്ടെയ്‌നറില്‍ ചെളിയും പൂപ്പലും വരാതെ സൂക്ഷിക്കും. മിനറല്‍ വാട്ടറായിരിക്കണം ഉപയോഗിക്കേണ്ടത്. വേരുകള്‍ മൂടാന്‍ പാകത്തില്‍ വെള്ളം നിറച്ചാല്‍ മതിയാകും. തണ്ടുകള്‍ മൂടാന്‍ അല്ല.
വെള്ളം നിറം മാറുന്നതിന് മുമ്പ് ഇടയ്ക്കിടെ മാറ്റികൊടുക്കണം. മാസത്തിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള വളവും നല്‍കാം. ആന്തൂറിയം വെച്ചിട്ടുള്ള കണ്ടെയ്‌നര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കാതിരിക്കുക. ചൂട് കൂടുതല്‍ കിട്ടുന്ന സ്ഥലത്ത് വെക്കുന്നത് ചെടി നശിക്കാന്‍ കാരണമാകും. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആന്തൂറിയം വെള്ളത്തിലും വളര്‍ത്താന്‍ കഴിയും.
Discussion about this post