ലോക്ഡൗൺ സമയം കൃഷിക്കായി വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം , വിളയൊരുക്കാം’. ഈ ക്യാമ്പയിനിന്റെ ഭാഗമായി പരിചയപ്പെടുത്തുന്നത് കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന മൈക്രോ ഗ്രീൻ പച്ചക്കറി കൃഷിയെ കുറിച്ചാണ്.
പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോ ഗ്രീൻ പച്ചക്കറി. ഒരു ചെടി മുളച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ വിളവെടുക്കുന്ന രീതി. മുളപ്പിച്ച വിത്തുകളേക്കാളും പോഷകസമ്പുഷ്ടമാണ് മൈക്രോ ഗ്രീൻ. നീളം കുറഞ്ഞ ചെറിയ തണ്ടും ആദ്യത്തെ തളിരിലയും ചേർന്നതാണ് മൈക്രോഗ്രീൻ. വളർച്ചയുടെ പ്രാരംഭദശയിലുള്ള ഈ ചെടികൾക്ക് പ്രാദേശികമായി കിട്ടുന്ന ഏതു വിത്തിനെയും മൈക്രോ ഗ്രീൻ ആയി തയ്യാറാക്കാൻ കഴിയും.പയറും കടലയുമാണ് അനാസായം മുളപ്പിച്ചെടുക്കാൻ കഴിയുന്നത്..ചെടികൾക്ക് വളർച്ച കൂടിയാൽ മൈക്രോ ഗ്രീനിന്റെ പോഷകം കുറയും.
കൃഷിസ്ഥലമോ കിളയോ രാസവളമോ അധികം പരിചരണമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളർത്താം .എത് വിത്ത് വേണമെങ്കിലും മൈക്രോഗ്രീന്‍ ആയി തയ്യാറാക്കാവുന്നതാണ്. അതിനായി ചെറുപയര്‍, ധാന്യങ്ങള്‍, ചീരവിത്തുകള്‍ എന്നിവയെല്ലാം മൈക്രോ ഗ്രീന്‍ ആക്കി മാറ്റിയെടുക്കാവുന്നതാണ്. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം തന്നെ നമുക്ക് ഇത് പാകം ചെയ്യാനായി എടുക്കാവുന്നതാണ്. ഇത് നമുക്ക് കറിവെച്ചോ അല്ലാതെയോ കഴിക്കാം .
പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് മൈക്രോഗ്രീനില്‍. ഇതില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഒരു നേരമെങ്കിലും കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. അതുപോലെ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് പരിഹാര മാര്‍ഗം കൂടിയാണ് മൈക്രോഗ്രീന്‍.
നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. സുഷിരങ്ങളിട്ട ഒരു പ്‌ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളമാണ്. മണ്ണും,ചകിരിചോറും , ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്.വിത്തുകൾ 8 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തശേഷം വെള്ളം ഊറ്റിക്കളയുക. പിറ്റേ ദിവസം വിത്തുകൾ മുളച്ചു വരും ഇതാണ് നടാൻ ഉപയോഗിക്കുന്നത്.
ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിരത്തുകയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരു ട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം.
Discussion about this post