കാഴ്ചയില്‍ തന്നെ ആഡംബരം തോന്നിക്കുന്നതാണ് ബോട്ടില്‍ ഗാര്‍ഡനുകള്‍. കൃത്യമായി പരിചരണം കൊടുത്താല്‍ ബോട്ടില്‍ ഗാര്‍ഡനോളം മനോഹരം ഒന്നുമില്ലെന്ന് തോന്നും. ഒരു ഗ്ലാസ് ബോട്ടിലും, കുറച്ച് ചെടികളും പിന്നെ താല്‍പ്പര്യവുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ബോട്ടില്‍ ഗാര്‍ഡന്‍ തയ്യാറാക്കിയെടുക്കാം.
ബോട്ടില്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത്
ചെറുതോ വലുതോ ആയ ഗ്ലാസ് ബോട്ടില്‍ തെരഞ്ഞെടുക്കാം. എങ്കിലും നിങ്ങളുടെ കൈ അകത്തേക്ക് കടക്കുന്നവയായിരിക്കാന്‍ ശ്രദ്ധിക്കണം. വായ് ഭാഗം വലുതോ ഇടുങ്ങിയതോ ആയാലും കുഴപ്പമില്ല. തുറന്നിടണമെന്ന് മാത്രം. ആഴത്തിലുള്ള, ഇടുങ്ങിയ വായ്ഭാഗമുള്ള ബോട്ടിലുകളില്‍ ഫോളിയേജ് ഇനത്തിലുള്ള ചെടികള്‍ നടുന്നതാണ് നല്ലത്. കാരണം ഇത്തരം ബോട്ടിലുകള്‍ക്കുള്ളില്‍ മണ്ണിലും അന്തരീക്ഷത്തിലും ഈര്‍പ്പം നിലനില്‍ക്കും. ഫോളിയേജ് ഇനങ്ങള്‍ക്ക് ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണാണ് ആവശ്യം.
ആഴമില്ലാത്ത പരന്ന വായ്ഭാഗമുള്ള ബോട്ടിലുകള്‍ വരണ്ട ചുറ്റുപാടുകളെ ഇഷ്ടപ്പെടുന്ന ചെടികള്‍ക്കാണ് ഉത്തമം. കാക്റ്റസ്, സക്കുലന്റ്‌സ് പോലുള്ള ഇനങ്ങള്‍ക്ക്. ഏത് ബോട്ടിലെടുത്താലും അത് വൃത്തിയും നനവില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തി വേണം ചെടികള്‍ നടാന്‍ തുടങ്ങാന്‍.
ചെടി തെരഞ്ഞെടുക്കുമ്പോള്‍ ബോട്ടിലിനുള്ളില്‍ ഉള്‍ക്കൊള്ളുന്ന തരമായിരിക്കണം എടുക്കേണ്ടത്. ഫേണ്‍സ്, ഐവി, വാണ്ടറിംഗ് ജ്യൂ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങി നിരവധി തരം ഇന്‍ഡോര്‍ പ്ലാന്റുകള്‍ തെരഞ്ഞെടുക്കാം. ബോട്ടില്‍ ഗാര്‍ഡനിലേക്ക് തെരഞ്ഞെടുക്കുന്ന എല്ലാ ചെടികളും ഒരേ അളവിലുള്ള ഈര്‍പ്പവും മണ്ണിന്റെ ഘടനയും മണ്ണിന്റെ ഈര്‍പ്പവും സ്വീകരിക്കുന്നവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എത്ര ചെടികള്‍ വേണമെന്നത് ബോട്ടിലിന്റെ വലിപ്പമനുസരിച്ച് തീരുമാനിക്കാം. രണ്ടോ മൂന്നോ ചെടികള്‍ മാത്രമുള്ളതോ, അതല്ലെങ്കില്‍ ബോട്ടില്‍ നിറച്ച് കാടുപോലെയാക്കുന്നതോ ആവാം.
ചെടികള്‍ നടുന്നതിന് മുമ്പ്, കല്ലുകള്‍, പെബിള്‍സ്, മണല്‍ എന്നിവ രണ്ട് ഇഞ്ചോളം സെറ്റ് ചെയ്യുക. ഇത് വെള്ളത്തിന് നില്‍ക്കാന്‍ സ്ഥലം നല്‍കുകയും ചെടികളുടെ വേരുകള്‍ക്കിറങ്ങാന്‍ സൗകര്യം നല്‍കുകയും ചെയ്യുന്നു. കല്ലുകള്‍ക്ക് മുകളിലേക്ക് ചാര്‍ക്കോള്‍ ഇട്ടുകൊടുക്കാം. ഇത് ബോട്ടിലിനകം വൃത്തിയായിരിക്കാനും ദുര്‍ഗന്ധങ്ങള്‍ ഇല്ലാതിരിക്കാനും സഹായിക്കും. തുടര്‍ന്ന് പോട്ടിംഗ് മിക്‌സ് നിറയ്ക്കാം. ചെടികളുടെ സ്വഭാവമറിഞ്ഞുള്ള മണ്ണായിരിക്കണം നിറയേക്കണ്ടത്. ചെടികളുടെ വേരുകളെ പിന്തുണയ്ക്കുന്നതും വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന തരത്തില്‍ മണ്ണ് ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണം. കുപ്പിയിലേക്ക് നടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ പേപ്പര്‍ ഫണലില്‍ ചുരുട്ടിവെച്ച് ബോട്ടിലിലേക്ക് ഇറക്കാം. എന്നിട്ട് ചെടിയുടെ ചുറ്റുമുള്ള മണ്ണ് കമ്പോ സ്പൂണോ ഉപയോഗിച്ച് ഉറപ്പിക്കാം.
ഡ്രെയിനേജ് ഹോള്‍ ഇല്ലാത്തതിനാല്‍ വെള്ളം നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. കൂടുതലായി പോകരുത്. വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുന്നതാണ് നല്ലത്.
Discussion about this post