ഔഷധഗുണങ്ങളുള്ളതും വിലയേറിയതുമായ ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. സിസീജിയം ആരോമാറ്റിക്കം എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന വൃക്ഷത്തിന്റെ പൂമൊട്ടുകളാണ് സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. ഇന്തോനേഷ്യയാണ് ഗ്രാമ്പുവിന്റെ ജന്മദേശം. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യങ്ങളിൽ ഒന്നാണിത്.
ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ എന്നീ രാജ്യങ്ങളിൽ ഗ്രാമ്പൂ അഥവാ ക്ലോവ് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് പണ്ട് കാലം മുതലേ കുരുമുളകിനൊപ്പം ഗ്രമ്പൂവും കയറ്റിയയച്ചിരുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണിത്. ബാഷ്പ സാന്ദ്രിതമായ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഗ്രാമ്പൂ കൃഷിക്ക് നല്ലത്. ആഴവും വളക്കൂറും നല്ല നീർവാർച്ചയുമുള്ള എക്കൽ മണ്ണിൽ ഗ്രാമ്പൂ നന്നായി വളരും. ചെറിയതോതിൽ തണൽ ലഭിക്കുന്നതും ശക്തമായി കാറ്റുവീശാത്തതുമായ ഇടങ്ങളിലാണ് ഗ്രാമ്പൂ വളർത്തേണ്ടത്. കൂടുതൽ വെയിലോ തണലോ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കണം. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. വീടുകളിലും നട്ടുവളർത്താനാകും.
വിത്ത് മുളപ്പിച്ച് ഗ്രാമ്പൂ തൈകൾ ഉൽപാദിപ്പിക്കാം. വിളഞ്ഞ് പാകമായ പഴങ്ങളിൽ നിന്നും വിത്ത് ശേഖരിക്കാം. നല്ല വിളവ് തരുന്ന മാതൃവൃക്ഷങ്ങളിൽ നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. പഴങ്ങൾ ഒന്ന് രണ്ട് ദിവസം വെള്ളത്തിൽ കുതിർക്കാനായി സൂക്ഷിക്കാണം. ശേഷം മരച്ചീളുകൊണ്ടോ വിരലുകൊണ്ടോ പുറംതൊലി നീക്കം ചെയ്യണം. തവാരണകളിൽ രണ്ട് സെന്റീമീറ്റർ ആഴത്തിൽ വിത്തുകൾ പാകാം. ആറു മാസം പ്രായമായ തൈകൾ പോളിത്തീൻ കവറുകളിലേക്ക് മാറ്റണം. ഒന്നര വർഷം പ്രായമായ തൈകളാണ് കൃഷിയിടത്തിലേക്ക് പറിച്ചു നടേണ്ടത്.
60 സെന്റീമീറ്റർ നീളവും ആഴവും വീതിയുമുള്ള കുഴികൾ മേൽമണ്ണിനോടൊപ്പം അഴുകിപ്പൊടിഞ്ഞ ചാണകമൊ അല്ലെങ്കിൽ കമ്പോസ്റ്റോ ചേർത്ത് നിറക്കാം. മെയ് – ജൂൺ അല്ലെങ്കിൽ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് തൈകൾ നടേണ്ടത്. നട്ട ശേഷം പതിവായി നനയ്ക്കുകയും തൈകൾക്ക് തണൽ നൽകുകയും വേണം. തണൽ ലഭിക്കാത്ത ഇടങ്ങളിൽ ഗ്രാമ്പൂവിനൊപ്പം ശീമക്കൊന്നയോ വാഴയോ നടാം. കളകൾ കൃത്യമായി നീക്കംചെയ്യണം.
മരമൊന്നിന് 15 കിലോ എന്ന തോതിൽ ഓരോ വർഷവും മെയ് -ജൂൺ മാസങ്ങളിൽ കാലിവളമോ കമ്പോസ്റ്റോ ചുവട്ടിൽ ചേർത്തുകൊടുക്കാം. രാസവളങ്ങൾ നൽകുകയാണെങ്കിൽ 40 ഗ്രാം യൂറിയ, 110 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് , 80 ഗ്രാം പൊട്ടാഷ് വളം എന്നിവ ആദ്യവർഷത്തിൽ നൽകാം. വളത്തിന്റെ അളവ് ഓരോ വർഷവും ക്രമമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. 15 വർഷം പ്രായമായ ചെടിക്ക് 600 ഗ്രാം യൂറിയ, 1560 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1250 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. ഇവ മെയ്-ജൂൺ മാസത്തിലും സെപ്റ്റംബർ- ഒക്ടോബർ മാസത്തിലും രണ്ടു തുല്യ ഗഡുക്കളായി ചുവട്ടിൽ ചേർത്തു കൊടുക്കാം. ചുവട്ടിൽ നിന്ന് 1.25 മീറ്റർ അകലത്തിൽ ആഴംകുറഞ്ഞ തടങ്ങളെടുത്താണ് രാസവളം ചേർക്കേണ്ടത്.
വിളവെടുപ്പ് രീതികൾ
7 -8 വർഷം കൊണ്ട് ഗ്രാമ്പൂ പൂത്തുതുടങ്ങും. സമതലങ്ങളിൽ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലും ഉയർന്ന പ്രദേശങ്ങളിൽ ഡിസംബർ – ജനുവരി മാസങ്ങളിലുമാണ് പൂക്കുന്നത്. പൂമൊട്ടുകൾക്ക് ചുവപ്പുരാശി വരുന്നതോടെയാണ് വിളവെടുക്കേണ്ടത്. പൂമൊട്ടുകൾ ഓരോന്നോരോന്നായി പറിച്ചെടുക്കേണ്ടതുണ്ട് എന്നതാണ് ഗ്രാമ്പൂ കൃഷിയിലെ പോരായ്മ. ഓരോ പൂങ്കുലയിലും മൊട്ടുകൾ പാകമാകുന്നതിനനുസരിച്ച് പലപ്രാവശ്യങ്ങളായി വിളവെടുക്കേണ്ടിവരും. വിടർന്ന പൂക്കൾക്ക് വിപണിയിൽ വില കുറവാണ്. മൂപ്പെത്താത്ത പൂമൊട്ടുകൾക്ക് ഗുണവും കുറയും. പറിച്ചെടുത്ത പൂമൊട്ടുകൾ ഉടൻതന്നെ പായയിൽ നിരത്തി ഉണക്കിയെടുക്കാം. മൂന്നുദിവസം ഉണങ്ങുന്നതോടെ മൊട്ടുകൾക്ക് നല്ല തവിട്ടു നിറമാകും. ഉണങ്ങി പാകമായ ഗ്രാമ്പുവിന് തിളക്കമുള്ള തവിട്ടുനിറവും ചെറിയ പരുപരുപ്പും ഉണ്ടാകും. കൃത്യമായി ഉണ്ടാക്കിയെടുത്ത മൊട്ടുകൾക്ക് ചുളിവുകൾ ഉണ്ടാവുകയില്ല. ഒരു കിലോ ഉണങ്ങിയ ഗ്രാമ്പൂ ലഭിക്കാൻ 15000 പൂമൊട്ടുകൾ ആവശ്യമായിവരും.
Discussion about this post