രാജ്യത്തെ ആദ്യത്തെ ‘ധാന്യ എടിഎം’ ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥാപിച്ചു. ബാങ്ക് എടിഎമ്മിന് സമാനമായ രീതിയിലാണ് ധാന്യ എടിഎം പ്രവര്‍ത്തിക്കുക. അഞ്ച് മുതല്‍ ഏഴ് മിനിറ്റുകൊണ്ട് 70 കിലോ ധാന്യം മെഷീനില്‍ നിന്ന് ലഭിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല പറഞ്ഞു.
റേഷന്‍ കടകളിലെ തിരക്കും ക്യൂവും ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഗുരുഗ്രാമിലെ ഫറൂഖ്‌നഗറില്‍ ധാന്യ എടിഎം സ്ഥാപിച്ചതെന്ന് ദുഷ്യന്ത് ചൗത്താല പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎമ്മാണ് ഗുരുഗ്രാമിലേതെന്നും എല്ലാ ഗുണഭോക്താക്കള്‍ക്കും കൃത്യമായ റേഷന്‍ ലഭിക്കുന്നതാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള മെഷീനില്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ബയോമെട്രിക് വിവരശേഖരണത്തിന് ശേഷം ഗുണഭോക്താവിന് മെഷീനില്‍ നിന്ന് ധാന്യം ലഭിക്കും. ഗോതമ്പ്, അരി, ചോളം എന്നീ ധാന്യങ്ങള്‍ മെഷീനില്‍ നിറയ്ക്കാം. ഗുരുഗ്രാമില്‍ നിലവില്‍ ഗോതമ്പ് മാത്രമാണ് മെഷീനില്‍ നിന്ന് വിതരണം ചെയ്യുന്നത്.
Discussion about this post