പ്രമേഹത്തിനും ചര്‍മരോഗനിയന്ത്രണത്തിനും മുടി കൊഴിച്ചില്‍ തടയുന്നതിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉത്തമ ഔഷധമാണ് നെല്ലിക്ക. വൈറ്റമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണിത്. ഇതോടൊപ്പം ഇരുമ്പ്, കാത്സ്യം എന്നീ മൂലകങ്ങളുടെയും കലവറയാണ് നെല്ലിക്ക.
ജൂണ്‍ ജൂലൈ മാസത്തിലാണ് നെല്ലിത്തൈകള്‍ നടേണ്ടത്. ഒരു ഏക്കറില്‍ 60 തൈകള്‍ നടാം. ഒരു മീറ്റര്‍ ആഴവും നീളവും വീതിയും ഉള്ള കുഴികളില്‍ ജൈവവളം ചേര്‍ക്കണം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടേണ്ടത്. തൈകള്‍ക്കിടയിലും വരികള്‍ക്കിടയിലും 8 മീറ്റര്‍ നീളം പാലിക്കാം.
ഇനങ്ങള്‍
പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയതും കേരളത്തില്‍ കൃഷി ചെയ്യാന്‍ ഉതകുന്നതുമായ ഇനമാണ് ചമ്പക്കാട് ലാര്‍ജ്. വലിയ കായ്കളാണ് ചമ്പക്കാട് ലാര്‍ജ് നല്‍കുന്നത്.
ഉയരത്തില്‍ വളരുന്ന ബനാറസിയും കേരളത്തിന് അനുയോജ്യമായ ഇനം തന്നെ. കായകള്‍ വലിപ്പമേറിയതും മൂന്നു ഭാഗങ്ങളായി പിളര്‍ക്കാന്‍ കഴിയുന്നവയുമാണ്. 38 ഗ്രാം ഭാരം വരെ ഉണ്ടാവും. കൃഷ്ണ, കാഞ്ചന എന്നിവയാണ് മറ്റിനങ്ങള്‍.
പരിചരണം
ഒരു മീറ്റര്‍ ഉയരത്തില്‍ എത്തുന്നതുവരെ ശിഖരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചുവട്ടില്‍ നിന്നുമുണ്ടാകുന്ന മുളകള്‍ നശിപ്പിക്കേണ്ടത് പ്രധാനമാണ്. അധിക ശിഖരങ്ങള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നീക്കം ചെയ്യണം.
തോട്ടങ്ങളില്‍ നെല്ലി വളരുന്ന കാലയളവില്‍ ഇടവിളയായി വള്ളിപ്പയര്‍ വളര്‍ത്താം. നാലു മുതല്‍ അഞ്ചു വര്‍ഷം വരെ ഇത് തുടരാം വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മണ്ണിന്റെ നനവിനനുസരിച്ച് നിശ്ചിത ഇടവേളകളില്‍ നനയ്ക്കണം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ മരങ്ങള്‍ സ്വതവേ നനക്കാറില്ലെങ്കിലും ഏപ്രിൽ – മെയ് മാസങ്ങളില്‍ 15 ദിവസത്തെ ഇടവേളകളില്‍ നനച്ചു കൊടുക്കുന്നത് നല്ല രീതിയില്‍ കായകള്‍ ഉണ്ടാകുവാനും കായകള്‍ പൊഴിഞ്ഞു വീഴുന്നത് നിയന്ത്രിക്കുവാനും സഹായിക്കും.
നെല്ലി മരങ്ങള്‍ മൂന്നു മുതല്‍ നാലു വര്‍ഷത്തില്‍ കായ്ച്ചു തുടങ്ങും. എന്നാല്‍ തുടര്‍ച്ചയായ നല്ല വിളവ് ലഭിക്കാന്‍ 10 മുതല്‍ 12 വര്‍ഷം വരെ എടുക്കാം. ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ കായകള്‍ വിളവെടുക്കാന്‍ പാകമാകും.
രോഗങ്ങളും കീടങ്ങളും
നെല്ലിയില്‍ രോഗങ്ങളും കീടങ്ങളും നന്നേ കുറവാണ്. കായകള്‍ അഴുകുന്നതും പൂപ്പല്‍ വളരുന്നതുമാണ് സാധാരണയായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ഇത് തടയുന്നതിനായി കായകള്‍ ഉപ്പുലായനിയില്‍ ഇട്ട് സൂക്ഷിക്കാറുണ്ട്. തടി തിന്നുന്ന പുഴുക്കളെ നിയന്ത്രിക്കുന്നതിനായി പുഴു തുരന്ന ഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിക്കാം. കായ്കള്‍ തിന്നുന്ന പുഴുക്കളെ തുരത്താന്‍ 30ml /ലിറ്റര്‍ എന്ന തോതില്‍ വേപ്പെണ്ണയോ 50ml /ലിറ്റര്‍ എന്ന തോതില്‍ വേപ്പിന്‍കുരു സത്തോ തളിക്കാം.
Discussion about this post